Thursday, March 7, 2013
Wednesday, February 27, 2013
ബിജെപിയും ആര്‍എസ്‌എസും ഭീകരവാദം പരിശീലിപ്പിക്കുന്ന ക്യാമ്പുകള്‍ നടത്തുന്നതായി അന്വേഷണത്തിനിടെ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട് എന്നാണ് 2013 ജനുവരി 20 ന് ജയ്പൂരില്‍ നടന്ന എഐസിസി ചിന്തന്‍ ശിബിരത്തില്‍ ഷിന്‍ഡെ പ്രസംഗിച്ചത്. “ജയ്പൂരില്‍ കഴിഞ്ഞമാസം ഞാന്‍ നടത്തിയ പ്രസ്താവന ഒരു തെറ്റിദ്ധാരണ സൃഷ്ടിക്കുകയുണ്ടായി. ഭീകരവാദത്തെ ഞാന്‍ ഒരു പ്രത്യേക മതവുമായി ബന്ധിപ്പിക്കുകയാണെന്നും ചില രാഷ്ട്രീയ സംഘടനകള്‍ ഭീകരക്യാമ്പുകള്‍ സംഘടിപ്പിച്ചതായി കുറ്റപ്പെടുത്തിയെന്നുമുള്ള ധാരണയുണ്ടാക്കി. ഭീകരവാദത്തെ ഏതെങ്കിലും മതവുമായി ബന്ധിപ്പിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചില്ല. ജയ്പൂരില്‍ ഞാന്‍ നടത്തിയ പ്രസ്താവനയില്‍ പരാമര്‍ശിച്ച സംഘടനകള്‍ ഭീകരവാദബന്ധമുണ്ടെന്ന് പറയുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല” എന്നാണ് ഷിന്‍ഡെ ഖേദപ്രകടനത്തില്‍ പറഞ്ഞത്.
ഇങ്ങനെയൊരു ഖേദപ്രകടനം നടത്തിയ ഷിന്‍ഡെയും അതിനെ തള്ളിപ്പറഞ്ഞ കോണ്‍ഗ്രസും ഒരുപോലെ ഭീകരവാദത്തിന് വിടുപണി ചെയ്യുകയാണ്. ഭീകരവാദത്തെ നഖശിഖാന്തം എതിര്‍ക്കുന്ന ആര്‍എസ്‌എസിനും ബിജെപിക്കുമാണ് ഷിന്‍ഡെ ഭീകരവാദത്തിന്റെ മുദ്രചാര്‍ത്തിയത് എന്നോര്‍ക്കുക. എന്നിട്ട് ഈ സംഘടനകളുടെ പേരെടുത്ത് പറയാതെ വെറുതെ ഖേദിക്കുകയാണ് ഷിന്‍ഡെ ചെയ്തത്. യഥാര്‍ത്ഥത്തില്‍ അബദ്ധം പറ്റിയതാണെങ്കില്‍ ആരും ആവശ്യപ്പെടാതെ തന്നെ തെറ്റ് തിരുത്തി മാപ്പുപറയുകയായിരുന്നു വേണ്ടത്. ഇതിന് പകരം ഭീകരവാദത്തിന് മതമില്ലെന്ന കാപട്യപൂര്‍ണമായ പ്രസ്താവന ആവര്‍ത്തിക്കുകയാണ് ഷിന്‍ഡെ ചെയ്തത്. ഭീകരവാദത്തിന് മതമുള്ളതുകൊണ്ടാണ് അഫ്ഗാനിലെ ഭീകരവാദത്തെക്കുറിച്ചുള്ള കമലഹാസന്റെ സിനിമയായ ‘വിശ്വരൂപം’ പ്രദര്‍ശിപ്പിക്കരുതെന്ന് ചില മുസ്ലീം സംഘടനകള്‍ ആവശ്യപ്പെട്ടത്. ഭീകരവാദത്തിന് മതമുള്ളതുകൊണ്ടാണ് മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിന്റെ വധശിക്ഷ നടപ്പാക്കിയപ്പോള്‍ മധ്യകേരളത്തിലെ ഒരു പള്ളിയില്‍ ചിലര്‍ മയ്യത്ത് നമസ്ക്കാരം നടത്തിയത്. ഭീകരവാദത്തിന് മതമുള്ളതുകൊണ്ടുതന്നെയാണ് പാര്‍ലമെന്റാക്രമണക്കേസിലെ പ്രതി അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയപ്പോള്‍ കാശ്മീര്‍ കലാപഭൂമിയായതും ദിവസങ്ങളോളം കര്‍ഫ്യൂ പ്രഖ്യാപിച്ചതും. “അള്ളാഹു ആഗ്രഹിക്കുകയാണെങ്കില്‍ എന്റെ അമ്മ പച്ചക്കറി വാങ്ങാന്‍ പോയിട്ടുള്ള മാര്‍ക്കറ്റും ഞാന്‍ ബോംബ് വെച്ച് തകര്‍ക്കും. അതോടെ അവര്‍ സ്വര്‍ഗത്തിലെത്തും” എന്ന് 2008 ലെ ദല്‍ഹി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ സിയാ ഉള്‍ റഹ്മാന്‍ പ്രഖ്യാപിച്ചതും ഭീകരവാദത്തിന് മതമുള്ളതുകൊണ്ടാണ്. ഭീകരവാദത്തിന് മതമുണ്ടെന്നാണ് കുറഞ്ഞപക്ഷം ഭീകരവാദികളെങ്കിലും സമ്മതിക്കുന്നതും തുറന്നു പ്രഖ്യാപിക്കുന്നതും. ഇക്കാര്യം നിഷേധിക്കുന്നവര്‍ ഭീകരരെ വെള്ളപൂശുന്നവരാണ്.
കോണ്‍ഗ്രസ് സമ്മേളനത്തില്‍ ആര്‍എസ്‌എസിനെയും ബിജെപിയെയും അങ്ങേയറ്റം നിരുത്തരവാദപരമായി കുറ്റപ്പെടുത്തിയ ഷിന്‍ഡെ ഇരട്ട സ്ഫോടനം നടന്ന ഹൈദരാബാദിലെത്തി മാധ്യമങ്ങളോട് പറഞ്ഞത് “ഇന്ത്യന്‍ മുജാഹിദീന്‍ ഉള്‍പ്പെടെ ഏതെങ്കിലും സംഘടനയെ ഇപ്പോള്‍ കുറ്റപ്പെടുത്തുന്നത് അവിവേകമായിരിക്കും” എന്നാണ്. സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ആണെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കെയാണ് ഷിന്‍ഡെയുടെ ഈ വിമുഖത. ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരം ആന്ധ്രയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിരുന്നുവെന്നാണ് ഷിന്‍ഡെ അവകാശപ്പെട്ടത്. ആരാണ് ഈ ആക്രമണത്തിന് മുതിരുകയെന്ന വിവരവും ഇതോടൊപ്പം രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭ്യമായിരിക്കില്ലേ? ഭീകരാക്രമണത്തിന് പിന്നില്‍ ആരെന്ന് ഷിന്‍ഡെയെപ്പോലുള്ളവര്‍ വെളിപ്പെടുത്താത്തത് മന്ത്രിയെന്ന നിലയ്ക്കുള്ള ഉത്തരവാദിത്വം കൊണ്ടൊന്നുമല്ല. ഞങ്ങളായിട്ട് സംഘടനകളുടെയൊന്നും പേര് പറയുന്നില്ല എന്നതാണ് മനോഭാവം. ഇവിടെയും ഭീകരവാദത്തിന്റെ മതം തന്നെയാണ് പ്രശ്നം, അത് ഇസ്ലാമാകുന്നുവെന്നതാണ് ഷിന്‍ഡെമാരുടെ പ്രശ്നം.
ഇന്ത്യയില്‍ അരങ്ങുതകര്‍ക്കുന്ന ഭീകരാക്രമണങ്ങള്‍ക്ക് ഇസ്ലാം മതവുമായി ബന്ധമില്ലെന്ന് പ്രഖ്യാപിക്കുന്നവര്‍ അയല്‍രാജ്യമായ പാക്കിസ്ഥാന്‍ ഒരു മുസ്ലീം രാഷ്ട്രമാണെന്ന സത്യം ബോധപൂര്‍വം വിസ്മരിക്കുകയാണ്. ഇന്ത്യയെ വിഭജിച്ച് പാക്കിസ്ഥാന്‍ എന്ന രാജ്യം നേടിയത് മതത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്. അന്നുമുതല്‍ ഇന്നുവരെ ആ രാജ്യം ഇന്ത്യക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്നത് പ്രത്യക്ഷവും പരോക്ഷവുമായ മതയുദ്ധങ്ങളാണ്. രാജ്യാന്തര രംഗത്ത് ഒറ്റപ്പെടാതിരിക്കാന്‍ നയതന്ത്രവേദികളില്‍ ഈ യുദ്ധത്തെ രാഷ്ട്രീയമായി അവതരിപ്പിക്കുന്നുവെന്ന് മാത്രം. പാക്കിസ്ഥാനും ഭീകരവാദത്തിന്റെ ഇരയല്ലേ, ആ രാജ്യവും ഭീകരവാദികളെ അടിച്ചമര്‍ത്തുന്നില്ലേ എന്നൊക്കെ ചോദിക്കുന്നവരുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ആ രാജ്യം കാണിക്കുന്ന ഇരട്ടത്താപ്പ് പലര്‍ക്കും മനസ്സിലാവുന്നില്ല. തങ്ങള്‍ക്കെതിരായ ഭീകര സംഘടനകളെ അടിച്ചമര്‍ത്താന്‍ നിര്‍ബന്ധിതനാവുന്ന പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരായ ഭീകര സംഘടനകളെ കഴിയാവുന്നവിധത്തിലൊക്കെ സഹായിക്കുകയാണ് ചെയ്യാറുള്ളത്. താലിബാന്റെ കാര്യം മാത്രമെടുത്താല്‍ ഇത് വ്യക്തമാവും. അഫ്ഗാനിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന താലിബാനെ എതിര്‍ക്കുന്ന പാക്കിസ്ഥാന് പക്ഷെ തെഹ്‌രിക് ഇ പാക്കിസ്ഥാന്‍ എന്ന പാക് താലിബാനോട് മൃദുസമീപനമാണുള്ളത്. അഫ്ഗാന്‍ താലിബാന്‍ തന്നെ ഇന്ത്യയെയാണ് ആക്രമിക്കുന്നതെങ്കില്‍ അതിനും പാക്കിസ്ഥാന്‍ പിന്തുണ നല്‍കും.
ഇന്ത്യയില്‍ അരങ്ങു തഴച്ചുവളരുന്ന ഭീകരവാദത്തില്‍ ഇസ്ലാം ഒരു മതമെന്ന നിലയ്ക്ക് ഇടപെടുന്നതുകൊണ്ടാണ് അതിനെതിരെ ഫലപ്രദമായ നടപടിയെടുക്കുന്നതില്‍നിന്ന് കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും വിട്ടുനില്‍ക്കുന്നത്. ഭീകരവാദത്തിന് മതമില്ലെന്നാണ് അവകാശപ്പെടുന്നതെങ്കിലും ഭീകരാക്രമണ ഭീഷണി നേരിടുന്ന അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സ്വീകരക്കുന്നതുപോലെ ശക്തമായ നടപടി എടുത്താല്‍ മുസ്ലീംവോട്ട് ബാങ്ക് അകന്നുപോകുമെന്നും അതില്‍ വിള്ളല്‍ വീഴുമെന്നും അത് രാഷ്ട്രീയമായി തിരിച്ചടിയാവുമെന്നും കോണ്‍ഗ്രസ് കരുതുന്നു. അതിനാലാണ് മുസ്ലീം വോട്ട് ബാങ്കിനെ പ്രീതിപ്പെടുത്താന്‍ ഏതറ്റംവരെ പോകാനും കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാവുന്നത്. പാക് ഭീകര സംഘടനയായ ലഷ്ക്കറെ തോയ്ബയെക്കാള്‍ ഭീഷണി ‘ഹിന്ദു തീവ്രവാദ’മാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡറോട് പറഞ്ഞതും മുംബൈ ഭീകരാക്രമണത്തിനിടെ പോലീസ് ഉദ്യോഗസ്ഥനായ ഹേമന്ത് കാര്‍ക്കറെ വെടിയേറ്റ് മരിച്ചതിന് പിന്നില്‍ ‘ഹിന്ദു തീവ്രവാദി’കളാണെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് ആരോപിച്ചതും ഏറ്റവുമൊടുവില്‍ ഷിന്‍ഡെ ആര്‍എസ്‌എസിനേയും ബിജെപിയേയും ഭീകരവാദത്തിന്റെ പേരില്‍ അപകീര്‍ത്തിപ്പെടുത്തിയതുമൊക്കെ മുസ്ലീങ്ങളെ പ്രീണിപ്പിച്ച് അവരുടെ വോട്ട് ബാങ്കിന്റെ ആനുകൂല്യം നേടുന്നതിനാണ്. ആര്‍എസ്‌എസിനും ബിജെപിക്കുമെതിരെ സത്യവിരുദ്ധമായ പ്രസ്താവന നടത്തിയ ഷിന്‍ഡെ അതില്‍ ഖേദം പ്രകടിപ്പിച്ചത് പാര്‍ലമെന്റ് സുഗമമായി നടത്താനുള്ള അടവുനയമാണെന്ന് കോണ്‍ഗ്രസ് നിലപാടെടുക്കാന്‍ കാരണവും മറ്റൊന്നല്ല.
ഭീകരവാദത്തിനെതിരെ പ്രതികരിക്കേണ്ടിവരുമ്പോഴൊക്കെ ക്ഷമാപണസ്വരത്തിലാണ് കോണ്‍ഗ്രസ് നേതാക്കളും കേന്ദ്രസര്‍ക്കാരും അത് ചെയ്യാറുള്ളത്. ഹൈദരാബാദിലെ സ്ഫോടനസ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നടത്തിയ പ്രസ്താവനയും ഇതില്‍നിന്ന് വ്യത്യസ്തമാവുന്നില്ല. ഞാന്‍ ഇവിടെ വന്നത് നിങ്ങളുടെ വേദന പങ്കുവെയ്ക്കാനാണെന്ന് പറഞ്ഞ മന്‍മോഹന്‍ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കാന്‍ തയ്യാറായില്ല. സമാധാനവും ശാന്തതയും നിലനിര്‍ത്തണമെന്ന മന്‍മോഹന്‍ സിംഗിന്റെ വാക്കുകള്‍ യുപിഎ ഭരണത്തില്‍ ഒന്നിനുപുറകെ ഒന്നായി നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വഞ്ചനാത്മകമാണ്. മാവോയിസ്റ്റു ഭീകരതയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കാറുള്ള മന്‍മോഹന്‍ ഇസ്ലാമിക ഭീകരവാദത്തിനെതിരെ പ്രതികരിക്കേണ്ടിവരുമ്പോള്‍ കുറ്റകരമായ മൗനമാണ് പുലര്‍ത്തുന്നത്. വഴിതെറ്റിയ ഒരുപറ്റം യുവാക്കളുടെ ചെയ്തികളെപ്പോലെയാണ് വ്യക്തമായ ആസൂത്രണത്തോടെ ഇന്ത്യയെ ശിഥിലീകരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടത്തുന്ന ഭീകരാക്രമണങ്ങളെ യുപിഎ സര്‍ക്കാര്‍ കാണുന്നത്. ഓരോ ഭീകരാക്രണവും മറ്റൊന്നിന് വഴിമാറുന്നതോടെ അപ്രസക്തമായിക്കൊള്ളും എന്ന ആത്മഹത്യാപരമായ സമീപനമാണ് കേന്ദ്രസര്‍ക്കാരിനും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കുമുളളത്. ഹൈദരാബാദിലെ ദില്‍സുഖ് നഗര്‍ ആക്രമിക്കുമെന്ന് കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ തന്നെ ഇന്ത്യന്‍ മുജാഹിദീനിലെ ഒരു ഭീകരന്‍ ദല്‍ഹി പോലീസിന് മൊഴി നല്‍കിയതാണെന്ന് പറയപ്പെടുന്നു. ഇതിന് പുറമെ രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പുണ്ടായിട്ടും ആക്രമണം തടയാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞില്ലെന്നത് ഭീഷണമായ ഒരു സ്ഥിതിവിശേഷത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
പാക് ഭീകര സംഘടനയായ ജമാ അത്ത് ഉദ്ദവയെപ്പോലുള്ളവ ഇന്ത്യന്‍ ഓഹരിവിപണിയില്‍ പണമിറക്കിയിട്ടുണ്ട് എന്ന് ഷിന്‍ഡെ നടത്തിയ പ്രസ്താവനയിലും ആത്മാര്‍ത്ഥതയുടെ കണിക പോലുമില്ല. രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇത് സംബന്ധിച്ച വിവരം നല്‍കിയെന്നാണ് ഷിന്‍ഡെ അവകാശപ്പെട്ടത്. എന്നാല്‍ ഇതിനെതിരെ സര്‍ക്കാര്‍ ചെറുവിരല്‍പോലും അനക്കിയില്ലെന്നാണ് ധനകാര്യ മന്ത്രാലയത്തിന്റെ ഒരു റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാവുന്നത്. 2011-12 കാലയളവില്‍ ഇന്റലിജന്‍സ് ബ്യൂറോ, റിസര്‍ച്ച് ആന്റ് അനാലിസസ് വിംഗ്, ഇന്‍കം ടാക്സ്, കസ്റ്റംസ് എന്നിവയില്‍നിന്ന് ലഭിച്ച 1,444 റിപ്പോര്‍ട്ടുകള്‍പ്രകാരം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണമെത്തിയ്ക്കുന്നതില്‍ 300 ശതമാനത്തിന്റെ വര്‍ധവുണ്ടായിട്ടുണ്ടെന്നാണ് ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് വെളിപ്പെടുത്തിയത്. 2010-11 കാലയളവില്‍ ഇത്തരം സംഭവങ്ങള്‍ സംബന്ധിച്ച 428 റിപ്പോര്‍ട്ടുകള്‍ മാത്രമാണ് വിവിധ ഏജന്‍സികളില്‍നിന്ന് ലഭിച്ചത്. യുപിഎ ഭരണത്തിന് കീഴില്‍ ഭീകരര്‍ ഒരു സാമ്പത്തിക സാമ്രാജ്യം തന്നെ കെട്ടിപ്പടുത്തിരിയ്ക്കുന്നു എന്നാണ് ഇതില്‍നിന്നും തെളിയുന്നത്.
അവലംബം:
Tuesday, February 19, 2013
ക്ഷേത്രോത്സവത്തിനിടെ പോലീസ് തേര്‍വാഴ്ച
തിരുവനന്തപുരം ജില്ലയില്‍ പേയാടിനടുത്ത വിട്ടിയം ഭദ്രകാളിക്ഷേത്രത്തില്‍ ഇത്തവണ ഉത്സവത്തിന് ഒത്തുകൂടിയ ഭക്തജനങ്ങള്‍ക്ക് ഭീതി വിട്ടുമാറിയിട്ടില്ല. ഉത്സവത്തിനെത്തിയ ജനങ്ങളില്‍ ഭീതിസൃഷ്ടിച്ചത് സാമൂഹ്യദ്രോഹികളോ ഗുണ്ടാസംഘങ്ങളോ അല്ല. അവരില്‍ നിന്നെല്ലാം സമൂഹത്തിന് സുരക്ഷ നല്‍കേണ്ട പോലീസാണ് ഇവിടെ അക്രമികളായത്. വെള്ളിയാഴ്ച രാത്രി ഉത്സവസ്ഥലത്ത് മദ്യപിച്ച് ലക്കുകെട്ട ഒരു സബ്‌ഇന്‍സ്പെക്ടറും ഏതാനും പോലീസുകാരും സൃഷ്ടിച്ച സംഘര്‍ഷം പിന്നീട് പോലീസിന്റെ അഴിഞ്ഞാട്ടത്തിലാണ് കലാശിച്ചത്. ഉത്സവസ്ഥലത്ത് ആദ്യമെത്തിയത് വിളപ്പില്‍ശാല പോലീസ് ഇന്‍സ്പെക്ടറാണ്. യൂണിഫോമിലായിരുന്നില്ല ഇയാളുടെ വരവ്. ചൂതുകളി പിടിക്കാനെന്ന പേരില്‍ വന്ന ഇയാള്‍ മൂക്കറ്റം മദ്യത്തിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കാന്‍ തുടങ്ങിയതിനെ ഭക്തജനങ്ങള്‍ ചോദ്യംചെയ്തതോടെ കൂടുതല്‍ പോലീസിനെ ഇയാള്‍ വരുത്തുകയായിരുന്നു. മലയിന്‍കീഴ്, കാട്ടാക്കട, അരുവിക്കര സ്റ്റേഷനുകളിലെ പോലീസുകാരും ആര്യനാട് സിഐ നസിറുദ്ദീന്റെയും നെടുമങ്ങാട് ഡിവൈഎസ്പി മുഹമ്മദ് ഇക്ബാലിന്റെയും നേതൃത്വത്തിലാണ് പോലീസിന്റെ തേര്‍വാഴ്ച. ഉത്സവത്തിനുള്ള ഒരുക്കങ്ങളെല്ലാം തല്ലിത്തകര്‍ത്തു. നിലവിളക്കുകള്‍ നിലത്തടിച്ച് എടുത്തെറിഞ്ഞു. നിരവധിപേരെ നിലത്തിട്ട് ചവിട്ടി. സ്ത്രീകളും വൃദ്ധരുമടക്കമുള്ള ഭക്തജനങ്ങള്‍ ജീവനുംകൊണ്ട് രാത്രി ഓടേണ്ടിവന്നു. ഇതിനിടയില്‍ പോലീസിന്റെ മര്‍ദ്ദനമേറ്റ് പലരും വീണു. അന്‍പതോളം ബൈക്കുകള്‍ തകര്‍ത്തു. മഫ്ടിയിലെത്തിയ പോലീസുകാരെ മര്‍ദ്ദിച്ചു എന്ന കെട്ടുകഥയുണ്ടാക്കിയാണ് പോലീസിന്റെ വിളയാട്ടം.
പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഭക്തജനങ്ങള്‍ പിറ്റേന്ന് റോഡ് ഉപരോധിച്ചു. കുടുംബസമേതമാണ് ജനങ്ങള്‍ സമരത്തിനിറങ്ങിയത്. ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധയോഗമുണ്ടായി. ഇതിനിടയില്‍ എത്തിയ നെയ്യാറ്റിന്‍കര ഡിവൈഎസ്പി റസ്ദം അനുരഞ്ജന ചര്‍ച്ച നടത്തി. ക്ഷേത്രത്തിനുണ്ടായ നഷ്ടം കണക്കാക്കാന്‍ ഇന്നലെ ആളുകളെത്തുമെന്നും നഷ്ടപരിഹാരം നല്‍കാന്‍ നടപടിസ്വീകരിക്കുമെന്നും ഉറപ്പുനല്‍കിയിരുന്നുവെങ്കിലും അതിനുള്ള ഒരു നീക്കവും ഉണ്ടായില്ല. എന്നാല്‍ പോലീസിനെ ആക്രമിച്ചു എന്ന കള്ളക്കേസുണ്ടാക്കി. പോലീസ് വാഹനങ്ങള്‍ക്ക് കേടുവരുത്തിയതിനും കേസെടുത്തു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത് കുറ്റകരമായ വീഴ്ചയാണെന്നാണ് കോണ്‍ഗ്രസ് നേതാവും ഡെപ്യൂട്ടി സ്പീക്കറുമായ എന്‍.ശക്തന്‍ പ്രതികരിച്ചത്. സര്‍ക്കാരിന്റെ ആഭ്യന്തര നയത്തിന് വിരുദ്ധമായാണ് പോലീസ് പെരുമാറിയതെന്നും അദ്ദേഹം ആക്ഷേപിച്ചിരിക്കുന്നു. പോലീസിന്റെ മര്‍ദ്ദനമേറ്റ് അവശരായ ഭക്തജനങ്ങളെയും ശക്തന്‍ നേരിട്ടുകണ്ടു.
അന്യമത ബഹുമാനംപോലും പുലര്‍ത്താതെ ഉന്നതരായ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ക്ഷേത്രാചാരങ്ങളെയും മര്യാദകളെയും കാറ്റില്‍പ്പറത്തിയാണ് അഴിഞ്ഞാടിയത്. എന്ത് പ്രകോപനമുണ്ടായാലും ഉത്സവപറമ്പില്‍ സംയമനം പാലിക്കേണ്ട പോലീസ് സംഹാരദാഹികളായത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഉത്സവം നടക്കുന്ന ക്ഷേത്രത്തില്‍ അത്യന്തം നീചവും ക്രൂരവുമായ നടപടി സ്വീകരിച്ചിട്ടും ഉത്തരവാദപ്പെട്ട ഒരു ഭരണാധികാരിയും ഭക്തജനങ്ങളെ ആശ്വസിപ്പിക്കാനെത്തിയില്ല. ദേവസ്വംമന്ത്രി തിരുവനന്തപുരത്തുകാരനാണ്. അദ്ദേഹം തിരിഞ്ഞുനോക്കിയില്ല. മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ പ്രതിപക്ഷനേതാക്കളോ ക്ഷേത്രോത്സവം പോലീസ് മുടക്കിയതില്‍ കുണ്ഠിതരല്ല. ബിജെപി നേതാക്കളും ഹിന്ദുസംഘടനാ നേതാക്കളും മാത്രമാണ് സംഭവസ്ഥലത്തെത്തി ഭക്തരോടൊപ്പം നിന്നത്. ആഭ്യന്തരമന്ത്രി സംഭവത്തെക്കുറിച്ച് മിണ്ടിയിട്ടില്ല. മറ്റേതെങ്കിലും ആരാധനാലയത്തിനുനേരെയാണ് ഇത്തരം പെരുമാറ്റം പോലീസില്‍ നിന്നുണ്ടായതെങ്കില്‍ മുഖ്യമന്ത്രിയും മന്ത്രിമാരുംരാഷ്ട്രീയപാര്‍ട്ടി നേതാക്കളുമെല്ലാം ഓടിയെത്തുമായിരുന്നു. ഈ പക്ഷഭേദമാണ് ഭക്തജനങ്ങളെ കൂടുതല്‍ വേദനിപ്പിക്കുന്നത്. പോലീസ് അതിക്രമത്തെ തുടര്‍ന്ന് മുടങ്ങിയ ഉത്സവചടങ്ങുകള്‍ ഇന്നലെ നടക്കുമ്പോള്‍ ഭക്തജനങ്ങള്‍ വളരെ ആശങ്കയോടെയാണെത്തിയത്. കള്ളക്കേസില്‍ ഇനിയെത്രപേരെ പ്രതിയാക്കുമെന്നും നിശ്ചയമില്ല. അക്രമത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സംഭവിച്ച കഷ്ടനഷ്ടങ്ങള്‍ പരിഹരിക്കണമെന്നുമുള്ള ജനങ്ങളുടെ ആവശ്യം തികച്ചും ന്യായമാണ്. അധികൃതര്‍ അതിന് തയ്യാറാകാന്‍ അല്‍പംപോലും കാലതാമസമുണ്ടാക്കാന്‍ പാടില്ല.
അവലംബം:
അവലംബം:
Wednesday, January 23, 2013
ഭീകരവാദത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍!
മുംബൈ ഭീകരാക്രമണ കേസിലെ പ്രതികളിലൊരാളായ അജ്മല്‍ കസബിന്റെ വധശിക്ഷ നടപ്പാക്കിയതും രാജസ്ഥാനിലെ ജയ്പൂരില്‍ നടന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരവും തമ്മില്‍ പ്രത്യക്ഷത്തില്‍ എന്തെങ്കിലും ബന്ധമുണ്ടെന്ന് കരുതാനാവില്ല. എന്നാല്‍ ചിന്തന്‍ ശിബിരത്തിലെ പ്രസംഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ആര്‍എസ്‌എസിനും ബിജെപിക്കുമെതിരെ നടത്തിയ ഒരു പ്രസ്താവന രണ്ട് സംഭവങ്ങളും തമ്മിലുള്ള ഒരു ബന്ധം വെളിപ്പെടുത്തുന്നുണ്ട്. “ഹിന്ദു ഭീകരവാദം പരത്താന്‍ ആര്‍എസ്‌എസും ബിജെപിയും പരിശീലന ക്യാമ്പുകള്‍ നടത്തുന്നുണ്ട് എന്ന് അന്വേഷണ സമയത്ത് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട് ……സംഝോധാ എക്സ്പ്രസിലും മെക്കാ മസ്ജിദിലും ബോംബുകള്‍ സ്ഥാപിക്കപ്പെടുകയായിരുന്നു. മാലെഗാവിലും ഒരു സ്ഫോടനം നടത്തി. ഇതിനെക്കുറിച്ച് നാം ഗൗരവമായി ചിന്തിക്കുകയും ജാഗ്രത പുലര്‍ത്തുകയും വേണം” എന്ന് പറഞ്ഞ ഷിന്‍ഡെ “കാവി ഭീകരതയെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. ഇത് പുതിയ കാര്യമല്ല. മാധ്യമങ്ങളില്‍ പലതവണ വന്നതാണ്” എന്ന് പിന്നീട് വിശദീകരിക്കുകയുണ്ടായി.
കസബിന്റെ വധശിക്ഷ നടപ്പാക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനോ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിക്കോ അറിയില്ലായിരുന്നുവെന്നും ടെലിവിഷന്‍ വാര്‍ത്തകളിലൂടെയാണ് അവര്‍ ഈ വിവരം അറിഞ്ഞതെന്നുമാണ് ഷിന്‍ഡെ ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞത്. ചില കോണ്‍ഗ്രസ് നേതാക്കളെപ്പോലും ഞെട്ടിച്ച ഈ ‘വെളിപ്പെടുത്തലി’ന്റെ തുടര്‍ച്ചയാണ് ഒരര്‍ത്ഥത്തില്‍ ജയ്പൂരിലെ ചിന്തന്‍ ശിബിരത്തില്‍ ആര്‍എസ്‌എസ്സിനും ബിജെപിക്കുമെതിരെ ഭീകരത ആരോപിച്ച് ഷിന്‍ഡെ നടത്തിയ പരാമര്‍ശങ്ങള്‍.
കസബിനെ തൂക്കിലേറ്റുന്നതിനെക്കുറിച്ച് ഒരു ദിവസം മുമ്പുതന്നെ പാക്കിസ്ഥാനെ അറിയിച്ചിരുന്നു. വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍, പാക്കിസ്ഥാനിലെ ഇന്ത്യയുടെ ഹൈക്കമ്മീഷണര്‍, ഡപ്യൂട്ടി കമ്മീഷണര്‍ എന്നിവര്‍ക്ക് ഇതേക്കുറിച്ച് അറിയാമായിരുന്നു. ഇവര്‍ക്കൊക്കെ അറിയുന്ന കാര്യം രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിക്കും അദ്ദേഹത്തെ നിയന്ത്രിക്കുന്ന സോണിയയ്ക്കും അറിയാതിരിക്കുകയില്ലല്ലോ. സത്യം ഇതായിരിക്കെ വിചിത്രമായ പ്രസ്താവന നടത്തി പരിഹാസ്യനാവുകയായിരുന്നു ഷിന്‍ഡെ എന്ന് തോന്നാം. എന്നാല്‍ അങ്ങനെയല്ല. കസബിനെ തൂക്കിലേറ്റിയതിനെക്കുറിച്ചുള്ള ആ പ്രസ്താവന ബോധപൂര്‍വമായിരുന്നു. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ദുഷ്ടലാക്കിനെക്കുറിച്ച് ധാരണ ഇല്ലാത്തവര്‍ക്ക് ഇത് മനസ്സിലാകാന്‍ പ്രയാസമാണ്. കസബിന്റെ വധശിക്ഷ സുപ്രീംകോടതി വരെ ശരിവെച്ചതാണെങ്കിലും അത് നടപ്പാക്കിയതില്‍ യുപിഎ സര്‍ക്കാരിനോ കോണ്‍ഗ്രസിനോ യാതൊരു പങ്കുമില്ലെന്ന് വരുത്തുകയായിരുന്നു ഷിന്‍ഡെ.
പുറമെയ്ക്ക് എന്തുതന്നെ നടിച്ചാലും പാക് പിന്തുണയുള്ള ഭീകരവാദത്തോട് ഇന്ത്യയിലെ ഒരു വിഭാഗം മുസ്ലീങ്ങള്‍ക്ക് ആഭിമുഖ്യമുണ്ടെന്നും കസബിനെ തൂക്കിലേറ്റിയതില്‍ ഇവര്‍ക്ക് അമര്‍ഷമുണ്ടാവുമെന്നും കോണ്‍ഗ്രസിനറിയാം. കസബിനെ തൂക്കിലേറ്റിയതിന്റെ പേരില്‍ പാര്‍ട്ടിയുടെ വോട്ട് ബാങ്കില്‍നിന്ന് ഇവര്‍ അകന്നുപോകാതിരിക്കാന്‍ ഈ രക്തത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പറയേണ്ടത് കോണ്‍ഗ്രസിന്റെ ആവശ്യമായിരുന്നു. ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രിയെക്കൊണ്ട് പറയിപ്പിച്ചാല്‍ വിശ്വാസ്യതയും ആധികാരികതയും വര്‍ധിക്കും. ഇതാണ് കസബിന്റെ വധശിക്ഷ നടപ്പാക്കിയത് മന്‍മോഹന്‍ സിംഗും സോണിയാഗാന്ധിയും അറിയാതെയാണെന്ന് ഷിന്‍ഡെ പറയാന്‍ കാരണം.
ഷിന്‍ഡെ ജയ്പൂരില്‍ നടത്തിയ നിരുത്തരവാദപരമായ പ്രസ്താവനയ്ക്ക് പിന്നിലും കോണ്‍ഗ്രസിന്റെ ആപല്‍ക്കരമായ ഈ വോട്ട് ബാങ്ക് രാഷ്ട്രീയമുണ്ട്. പാക് ഭീകരവാദത്തെ നഖശിഖാന്തം എതിര്‍ക്കുന്ന ആര്‍എസ്‌എസ്സിനെയും ബിജെപിയെയും ഭീകരവാദത്തിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാല്‍ ആ ഒറ്റക്കാരണംകൊണ്ട് പാക്കിസ്ഥാനോട് ആഭിമുഖ്യം പുലര്‍ത്തുന്ന മുസ്ലീം വോട്ട് ബാങ്കിന്റെ അനുഭാവം ലഭിക്കുമെന്ന കണക്കുകൂട്ടലാണ് കോണ്‍ഗ്രസിനുള്ളത്.
എന്നാല്‍ കേന്ദ്രത്തിന്റെ ആഭ്യന്തര മന്ത്രി എന്ന പദവി ദുരുപയോഗം ചെയ്ത് ഷിന്‍ഡെ നടത്തിയ പ്രസ്താവന പാക് ഭീകരവാദത്തെ ഒറ്റയടിക്ക് വെള്ളപൂശിയിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇങ്ങനെ ചെയ്യാതെ കോണ്‍ഗ്രസിനും കേന്ദ്രസര്‍ക്കാരിനും ഗത്യന്തരമില്ല എന്നതാണ് വസ്തുത. ഭീകരവാദത്തോടുള്ള കോണ്‍ഗ്രസിന്റെ എതിര്‍പ്പ് കാപട്യമാണ്. 2004 ലാണ് യുപിഎ അധികാരത്തിലേറുന്നത്. ഒന്‍പത് വര്‍ഷമായി ഭരണത്തില്‍ തുടരുന്ന യുപിഎ സര്‍ക്കാര്‍ പാക്കിസ്ഥാനോട് മൃദുസമീപനം സ്വീകരിക്കുന്നത് ഇതുകൊണ്ടാണ്. 2004 നുശേഷം 16 തവണയാണ് പാക് ഭീകരസംഘടനകള്‍ ഇന്ത്യന്‍ മണ്ണില്‍ ആക്രമണം നടത്തിയത്. യുപിഎ രണ്ടാമതും അധികാരത്തിലെത്തിയശേഷം 304 തവണയാണ് പാക് സൈന്യം അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘനം നടത്തിയത്. 2012 ല്‍ മാത്രം 171 തവണ. യുഎന്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തര വേദികളില്‍ നിരന്തരമായ പ്രചാരവേലയാണ് ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്‍ നടത്തുന്നത്.
മുംബൈ ഭീകരാക്രമണ കേസില്‍ കസബിനെ തൂക്കിലേറ്റിയെങ്കിലും ലഷ്ക്കര്‍ ഭീകരനായ ഹഫീസ് മുഹമ്മദ് സയിദ് ഉള്‍പ്പെടെയുള്ള സൂത്രധാരന്മാര്‍ക്കെതിരായ നിയമനടപടികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ യുപിഎ സര്‍ക്കാര്‍ വേണ്ടത്ര താല്‍പ്പര്യം പ്രകടിപ്പിക്കുന്നില്ല. ഇത് സംബന്ധിച്ച ഇന്ത്യയുടെ അഭ്യര്‍ത്ഥന പാക്കിസ്ഥാന്‍ പരിഹാസ്യമായി തള്ളിക്കളയുകയാണ്. സയിദിന്റെ ശബ്ദസാമ്പിള്‍ ശേഖരിക്കണമെന്നും അയാളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നുമുള്ള ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാന്‍ നിരസിക്കുകയായിരുന്നു. എന്നിട്ടും സമാധാനസംഭാഷണവുമായി പാക്കിസ്ഥാന് പിന്നാലെ നടക്കുന്ന മന്‍മോഹന്‍ സര്‍ക്കാര്‍ കൂടുതല്‍ ഭീകരാക്രമണങ്ങള്‍ക്ക് വഴിയൊരുക്കുകയാണ്.
ജമ്മുകാശ്മീര്‍ അതിര്‍ത്തി ലംഘിച്ചെത്തിയ പാക്സൈനികര്‍ രണ്ട് ഇന്ത്യന്‍ സൈനികരെ വധിക്കുകയും അതിലൊരാളായ ലാന്‍സ് നായിക് ഹേംരാജിന്റെ തലവെട്ടിക്കൊണ്ടുപോവുകയും ചെയ്തത് ഏറ്റവുമൊടുവിലത്തെ സംഭവമാണ്. ഇതിനുപിന്നില്‍ ഹഫീസ് സയിദിന്റെ കയ്യുണ്ടെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. എന്നിട്ടും പാക്കിസ്ഥാന് മനസ്സിലാവുന്ന ഭാഷയില്‍ ശക്തമായി തിരിച്ചടിക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. മുസ്ലീം വോട്ട് ബാങ്കിനെ ഭയന്നാണ് പാക്കിസ്ഥാനോടും പാക് ഭീകരവാദത്തോടും സര്‍ക്കാര്‍ മൃദുസമീപനം സ്വീകരിക്കുന്നതെന്ന് ഇപ്പോള്‍ ജനങ്ങള്‍ കൂടുതല്‍ തിരിച്ചറിയുന്നുണ്ട്. ഈ സാഹചര്യത്തില്‍ ‘ഹിന്ദു ഭീകരവാദ’വും രാജ്യം നേരിടുന്ന വിപത്താണെന്ന് പ്രചരിപ്പിച്ചാല്‍ പാക്കിസ്ഥാന് തിരിച്ചടി നല്‍കാത്തതിലുള്ള ജനരോഷം തണുപ്പിക്കാമെന്നും മുസ്ലീം വോട്ട് ബാങ്കിനെ ആകര്‍ഷിച്ചു നിര്‍ത്താമെന്നുമുള്ള ചിന്തയാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്.
മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളെക്കുറിച്ചാണ് താന്‍ പറഞ്ഞതെന്ന ഷിന്‍ഡെയുടെ വിശദീകരണം അദ്ദേഹം വഹിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പദവിക്കു ചേര്‍ന്നതല്ല. ഭീകരവാദം പോലുള്ള പ്രശ്നങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെപ്പോലുള്ള ഒരാള്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ നോക്കി പ്രതികരിക്കുന്നത് കൃത്യവിലോപം തന്നെയാണ്. ഷിന്‍ഡെയെ പിന്തുണച്ച് രംഗത്ത് വന്ന ചില കേന്ദ്രമന്ത്രിമാരും അദ്ദേഹം സംസാരിച്ചത് മാധ്യമ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണെന്ന് വാദിക്കുകയുണ്ടായി. എന്നാല്‍ ഇത് സംബന്ധിച്ച് മാധ്യമ റിപ്പോര്‍ട്ടുകള്‍ വേറെയും വന്നിട്ടുണ്ടെന്ന് ഇവരൊക്കെ ബോധപൂര്‍വം വിസ്മരിക്കുന്നു. ഹിന്ദു സംഘടനകളെ ഭീകരവാദികളായി ചിത്രീകരിക്കുന്നതിന് പിന്നില്‍ സോണിയാ ഗാന്ധി ഉള്‍പ്പെട്ട രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് വാര്‍ത്ത വന്നിരുന്നു. ഷിന്‍ഡെ തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ച കേസുകള്‍ കോണ്‍ഗ്രസ് ഭരണകാലത്ത് എടുത്തവയാണ്. പ്രതികളെ പിടിച്ചതും കോടതി ഉത്തരവനുസരിച്ച് റിമാന്റ് ചെയ്തതും ഇക്കാലത്താണ്. സംഭവവുമായി ബന്ധപ്പെട്ട് പില്‍ക്കാലത്ത് പിടിയിലായ സ്വാമി അസീമാനന്ദ മജിസ്ട്രേറ്റിന് നല്‍കിയ മൊഴി അന്വേഷണ ഏജന്‍സി വ്യാജമായി കെട്ടിച്ചമച്ചതാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രാജസ്ഥാനിലെ അജ്മീര്‍ സംഭവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് ചില അന്വേഷണ ഉദ്യോഗസ്ഥര്‍ മാനനഷ്ടക്കേസ് നേരിടുകയാണ്. പ്രതികള്‍ എന്ന് പറയപ്പെടുന്നവര്‍ പിടിക്കപ്പെടുകയോ വിചാരണ പൂര്‍ത്തിയാവുകയോ ചെയ്യാത്ത കേസുകളില്‍ കുറ്റവാളികളെ പ്രഖ്യാപിക്കുന്ന രീതി അംഗീകരിക്കാനാവാത്തതാണ്. അതും നിയമവാഴ്ച ഉറപ്പുവരുത്താന്‍ ബാധ്യസ്ഥനായ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി തന്നെ ഇങ്ങനെ ചെയ്യുന്നത് ഒരിക്കലും നീതീകരിക്കാനാവില്ല.
ഷിന്‍ഡെയുടെ പ്രസ്താവന വിവാദമാവുകയും അത് സാമാന്യബോധത്തെ പരിഹസിക്കുന്നതാണെന്ന് ജനങ്ങള്‍ തിരിച്ചറിയുകയും ചെയ്യുന്നു എന്നും വന്നതോടെ ‘ഹിന്ദു ഭീകരവാദം’ എന്ന് ഷിന്‍ഡെ ബോധപൂര്‍വം പറഞ്ഞതല്ലെന്നും ഒരു കോണ്‍ഗ്രസ് നേതാവിനും അങ്ങനെ പറയാനാവില്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും വക്താവുമായ ജനാര്‍ദ്ദന്‍ ദ്വിവേദി വ്യക്തമാക്കുകയുണ്ടായി. “ചിലപ്പോള്‍ അങ്ങനെ സംഭവിക്കാം. ഒരു വ്യക്തിയുടെ വായില്‍നിന്ന് ചില വാക്കുകള്‍ ബോധപൂര്‍വമല്ലാതെ പുറത്തുവരാം” എന്ന ദ്വിവേദിയുടെ ന്യായീകരണം മുഖവിലയ്ക്കെടുക്കാനാവില്ല. ഇവിടെ ഏതെങ്കിലും വ്യക്തിയല്ല, കേന്ദ്ര ആഭ്യന്തര മന്ത്രിയാണ് അങ്ങേയറ്റം നിരുത്തരവാദപരമായി പെരുമാറിയിട്ടുള്ളത്.
ജനാര്‍ദ്ദന്‍ ദ്വിവേദി എന്തുതന്നെ പറഞ്ഞാലും സുശീല്‍കുമാര്‍ ഷിന്‍ഡെ ആര്‍എസ്‌എസ്സിനെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചത് ആര്‍ക്കുവേണ്ടിയാണെന്ന് ലഷ്ക്കറെ തോയ്ബ സ്ഥാപകന്‍ ഹഫീസ് സയിദിന്റെ പ്രസ്താവനയോടെ പകല്‍പോലെ വ്യക്തമായിരിക്കുകയാണ്. ഷിന്‍ഡെയെ മുക്തകണ്ഠം പ്രശംസിച്ച സയിദ് ഇന്ത്യയെ ഭീകരവാദ രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യപ്പെട്ടത്. പാക്കിസ്ഥാനില്‍ ഭീകരാക്രമണം നടത്തുന്നത് ഇന്ത്യന്‍ സംഘടനകളാണെന്ന് ഷിന്‍ഡെ കുറ്റസമ്മതം നടത്തിയിരിക്കുന്നു എന്ന് വാര്‍ത്താ സമ്മേളനം നടത്തിയാണ് സയിദ് പ്രഖ്യാപിച്ചത്. ഇന്ത്യ മനോഭാവം മാറ്റുന്നതുവരെ ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാര കരാറുകൊണ്ട് യാതൊരു നേട്ടവും പാക്കിസ്ഥാന് ഉണ്ടാകാന്‍ പോകുന്നില്ലെന്ന് പറഞ്ഞ സയിദ് “പാക്കിസ്ഥാന്റെ ആണവ-മിസെയില്‍ പദ്ധതികള്‍ക്കു മേല്‍ അമേരിക്കയ്ക്കും ഇന്ത്യയ്ക്കും കഴുകന്‍ കണ്ണുകളാണ് ഉളളത്” എന്നും പറഞ്ഞുവെച്ചു. ഷിന്‍ഡെയുടെ പ്രസ്താവന ഇന്ത്യക്കെതിരെ പ്രയോഗിക്കാന്‍ പറ്റിയ ശക്തമായ ആയുധമാണെന്ന് കണ്ട് “പാക്കിസ്ഥാന്‍ ഇത് ഐക്യരാഷ്ട്രസഭാ രക്ഷാ സമിതിയിലും ഇസ്ലാമികരാജ്യങ്ങളുടെ സംഘടനയായ ഒഐസിയിലും ഉന്നയിക്കണം” എന്നും സയിദ് ട്വിറ്ററില്‍ കുറിച്ചു.
മുംബൈ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരനായ ഹഫീസ് സയിദിനെതിരെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാത്തതില്‍ പാക്കിസ്ഥാനെ ഒന്നിലധികം തവണ ഇന്ത്യ അതൃപ്തിയും പ്രതിഷേധവും അറിയിച്ചിട്ടുള്ളതാണ്. ലഷ്ക്കറെ തോയ്ബ നടത്തുന്ന ഭീകരവാദത്തിന് മറയിടാന്‍ ജമാഅത്ത് ഉദ്ദവ എന്ന സംഘടനയുണ്ടാക്കി പാക്കധീന കാശ്മീരിലും മറ്റും ഭീകരപരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ചുവരുന്ന സയിദിന്റെ തലയ്ക്ക് അമേരിക്ക 10 ദശലക്ഷം ഡോളര്‍ വിലയിട്ടിട്ടുള്ളതാണ്. ഇങ്ങനെയൊരാളുടെ പ്രശംസ ഏതെങ്കിലും ഇന്ത്യന്‍ പൗരന് ലഭിക്കുകയാണെങ്കില്‍ അയാള്‍ എത്രമാത്രം ഇന്ത്യാ വിരുദ്ധനായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇങ്ങനെ പ്രശംസ ലഭിക്കുന്നയാള്‍ ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയാണെങ്കില്‍ പാക് ഭീകരവാദത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന വിശേഷണത്തിന് അദ്ദേഹം തികച്ചും യോഗ്യനായിരിക്കും. ഹഫീസ് സയിദിനെ ‘ശ്രീമാന്‍ സയിദ്’ എന്ന് പാര്‍ലമെന്റില്‍ ആവര്‍ത്തിച്ച് വിശേഷിപ്പിച്ചത് സുശീല്‍കുമാര്‍ ഷിന്‍ഡെ തന്നെയാണല്ലോ.
കടപ്പാട്:
Wednesday, January 9, 2013
Subscribe to:
Comments (Atom)