Tuesday, November 20, 2012

പുലിത്തലവനില്ലാത്ത ശ്രീലങ്കയിൽ കൂട്ടമാനഭംഗങ്ങളും കൂട്ടക്കുരുതികളും




ശ്രീലങ്ക പുറമേ ഇപ്പോൾ ശാന്തമാണ്. തമിഴർക്കു വേണ്ടി ജീവിച്ച, പൊരുതി മരിച്ച പുലി ത്തലവൻ വേലുപ്പിള്ള പ്രഭാകരന്റെ വിടവാങ്ങലോടെ അവിടെ കലാപമെല്ലാം ഒടുങ്ങിയെന്നാണ് ലോകത്തിന്റെ വിചാരം. എന്നാൽ ആഭ്യന്തരകലാപം അടിച്ചമർത്താനെന്ന പേരിൽ സർക്കാരുകളുടെ പട്ടാളം നടത്തിയ കൂട്ടക്കുരുതികളുടെയും കിരാതമായ മാനഭംഗങ്ങളുടെയും കൊടിയ മനുഷ്യാവകാശ ലംഘനങ്ങളുടെയും ഓർമ്മകൾ ലങ്കൻ ജനതയെ വേട്ടയാടുകയാണ്. കലാപാനന്തരം ആംനസ്റ്റി ഇന്റർനാഷണലും ഐക്യരാഷ്ട്രസംഘടനയുമെല്ലാം ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. തമിഴ് സംസ്കാരം തുടച്ചു നീക്കാനുള്ള ഭൂരിപക്ഷ സമൂഹമായ സിംഹളരുടെ നീക്കത്തിന്റെ അന്തിമ ഫലമായിരുന്നു ലങ്കയിൽ പതിറ്റാണ്ടുകൾ നീണ്ടകലാപം. പ്രഭാകരനെ വധിക്കുകയെന്നതായിരുന്നു പരസ്യ അജണ്ട. തമിഴരെ തുരത്തുകയെന്നത് രഹസ്യ അജണ്ടയും.

തേയിലത്തോട്ടങ്ങളിലെ പണിക്കാർ

ബ്രിട്ടീഷ് ഭരണകാലത്ത് തേയിലത്തോട്ടങ്ങളിൽ പണിയെടുക്കാനാണ് ഇന്ത്യയിൽ നിന്ന് തമിഴരെ ലങ്കയിലെത്തിച്ചത്. ബ്രിട്ടീഷ് ഭരണം അവസാനിച്ചതോടെ ലങ്കയുടെ യഥാർത്ഥ പാരന്പര്യമെന്തെന്ന ചോദ്യമായി. അത് ബുദ്ധ മത വിശ്വാസികളായ സിംഹളരും ഹിന്ദു മത വിശ്വാസികളായ തമിഴരും തമ്മിലുള്ള കലാപമായി.

1948 ഫെബ്രുവരി നാലിന് സ്വാതന്ത്ര്യം പ്രാപിച്ചെങ്കിലും 1972 മെയ് 22 നാണ് സ്വതന്ത്ര റിപ്പബ്ലിക്കായത്. ഡി.എസ് സമരനായക പ്രധാനമന്ത്രിയായ ആദ്യ ക്യാബിനറ്റിൽ തമിഴ് നേതാക്കളായ പൊന്നന്പലം, അരുണാചലം മഹാദേവ എന്നിവ‌ർ മന്ത്രിമാരായിരുന്നു. പിന്നീടുള്ള കാലം തമിഴ‌ർക്ക് അർഹമായ പരിഗണന ലഭിച്ചില്ല. ബ്രിട്ടീഷ് കാലത്ത് സജീവമായിരുന്ന ക്രിസ്ത്യൻ മിഷണറിമാർ ശ്രദ്ധ കേന്ദ്രീകരിച്ചത് തമിഴർക്ക് സ്വാധീനമുള്ള വടക്കു കിഴക്കൻ മേഖലകളിലായിരുന്നു. അതിനാൽ മികച്ച വിദ്യാഭ്യാസവും തൊഴിലും ലഭിച്ചിരുന്നത് തമിഴർക്കാണെന്നും തങ്ങളുടെ അവകാശങ്ങളാണ് ലംഘിച്ചതെന്നും സിംഹളർ വാദിച്ചു. സിവിൽ സർവീസ്, നിയമനിർമ്മാണ മേഖലകളിൽ തമിഴ് വംശജരായിരുന്നു കൂടുതലും.

സിംഹളർക്ക് സംവരണം


1956ൽ എസ്.ഡബ്ല്യു.ആർ.ഡി ബണ്ഡാരനായകെ പ്രധാനമന്ത്രിയായിരുന്ന കാലത്ത് പാസാക്കിയ സിംഹള(സിംഹള ഓൺലി ആക്ട്) നിയമം കലാപം ആളിക്കത്തിച്ചു. ഈ നിയമമനുസരിച്ച് സിംഹളം ഔദ്യോഗിക ഭാഷയാക്കി, സിംഹളർക്ക് തൊഴിൽ സംവരണം നടപ്പാക്കി. സർവകലാശാല പ്രവേശനത്തിന് സിംഹള ഭാഷയിലെ അറിവ് നിർബന്ധവുമാക്കി.

സിംഹളർ അപ്പോഴേക്കും എല്ലാ മേഖലകളിലും ചുവടുറപ്പിച്ചിരുന്നു. ഔദ്യോഗിക ഭാഷ സിംഹളയാക്കിയതോടെ തമിഴ‌ർക്ക് ഉപരിപഠനത്തിനുള്ള അവസരങ്ങളും തൊഴിലവസരങ്ങളും നഷ്ടമായി. സിലോൺ എന്നാണ് അന്ന് ശ്രീലങ്ക അറിയപ്പെട്ടത്. 1972ൽ റിപ്പബ്ലിക്കായപ്പോൾ പേരും മാറ്റി. ബണ്ഡാരനായകെയുടെ വിധവ സിരിമാവോ ബണ്ഡാരനായകെ പ്രധാനമന്ത്രിയായപ്പോഴും തമിഴ് വിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചത്. സർവകലാശാലകളിൽ തമിഴ് വിദ്യാർത്ഥികൾ കുറഞ്ഞു. തമിഴരെ സിംഹളർ അടിച്ചമർത്തി. അപ്പോഴാണ് 1983ൽ തമിഴർക്ക് സ്വതന്ത്ര രാഷ്ട്രമെന്ന ആവശ്യവുമായി പ്രഭാകരന്റെ നേതൃത്വത്തിൽ ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈലം( എൽ.ടി.ടി.ഇ) രംഗത്ത് വന്നത്. തുടർന്നുണ്ടായ കലാപത്തിൽ ഒന്നര ലക്ഷത്തിലേറെ തമിഴർ പല രാജ്യങ്ങളിൽ അഭയം തേടി. ഭരണകൂടത്തിനെതിരെ പ്രഭാകരൻ സായുധ സമരം പ്രഖ്യാപിച്ചതോടെ സ്ഥിതിഗതികൾ രൂക്ഷമായി. ലങ്കൻ ഭരണാധികാരികൾ സകലരും പ്രഭാകരനെ ഒതുക്കാൻ ശ്രമിച്ചെങ്കിലും ഇപ്പോഴത്തെ പ്രസിഡന്റ് മഹേന്ദ്ര രാജപക്സെയ്ക്കാണ് വിജയം നേടാൻ സാധിച്ചത്.

ലങ്ക നീറിപ്പുകയുന്നു
ശ്രീലങ്ക ഇപ്പോഴും നീറിപ്പുകയുകയാണ്. രാജ്യം അരാജകത്വത്തിലേയ്ക്ക് പോകുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. തമിഴരെ സഹായിക്കാനായി കോടിക്കണക്കിന് രൂപ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പിരിച്ചെടുത്തെങ്കിലും അതൊന്നും അർഹരായവർക്ക് ലഭിച്ചിട്ടില്ല. ഒട്ടനവധി തമിഴരെ സർക്കാർ കൊന്നൊടുക്കി. തമിഴ് വംശജർ തിങ്ങിപ്പാർക്കുന്ന കോളനികളിൽ പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്നതും പ്രിയപ്പെട്ടവരെ നഷ്ടമായതിന്റെ വേദനയിൽ വിഷാദ രോഗികളായി തീർന്നവർ ആത്മഹത്യ ചെയ്യുന്നതും തമിഴരെ ഇപ്പോഴും വലയ്ക്കുന്നു.
ചികിത്സയോ ഭക്ഷണമോ ഇവ‌ർക്ക് നൽകാൻ സർക്കാർ ഇനിയും തയ്യാറാകുന്നില്ല. ഇതിനെല്ലാം പുറമെയാണ് ലങ്കൻ പട്ടാളം തമിഴ് സ്ത്രീകൾക്കും കുട്ടികൾക്കും നേരെ കാണിക്കുന്ന ലൈംഗിക അതിക്രമങ്ങൾ. തമിഴ് സ്ത്രീകളെ കാണാതാകുന്നതും അജ്ഞാതമായ കാരണങ്ങളാൽ അവ‌ർ കൊല്ലപ്പെടുന്നതും ഭീകരമായ വിധത്തിൽ വർദ്ധിച്ചിരിക്കുകയാണ് ഇപ്പോൾ. അടുത്തിടെ ലങ്കയിൽ നിന്ന് പുറത്ത് വന്ന ചില ചിത്രങ്ങൾ ഇക്കാര്യം ശരിവയ്ക്കുന്നു. കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങളായിരുന്നു ഇവ. മൃതദേഹങ്ങളെല്ലാം നഗ്നമായിരുന്നു.. ഇത്തരം പീഡനങ്ങൾക്കിരയായി ജീവൻ തിരിച്ചു ലഭിക്കുന്നവർ പിന്നീട് ആത്മഹത്യയിലാണ് അഭയം തേടുന്നത്.

പ്രഭാകരനില്ലാത്ത ലങ്കയിൽ തമിഴർ സുരക്ഷിതരല്ല. മാധ്യമങ്ങളെ ഇപ്പോഴും ഒരുപരിധിക്കപ്പുറത്തേക്ക് അനുവദിക്കാത്ത രാജപക്സെ സർക്കാരിന് തമിഴ് ഉന്മൂലനം മാത്രമായിരുന്നു ലക്ഷ്യം. ടിം കിംഗ് എന്ന മാധ്യമ പ്രവർത്തകനാണ് ലങ്കയിൽ തമിഴർ ഇപ്പോഴും അനുഭവിക്കുന്ന അരാജകാവസ്ഥ പുറത്ത് വിട്ടത്. സൈന്യം തട്ടിക്കൊണ്ട് പോകുന്ന പല സ്ത്രീകളും രാജപക്സെയുടെ കൊട്ടാരത്തിലും എത്തിച്ചേർന്നിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ റിപ്പോർട്ട്. രാജപക്സെയെ കുറിച്ച് പറഞ്ഞ് കേൾക്കുന്ന കഥകൾ ഇത് ശരിവയ്ക്കുന്നു. കഴിഞ്ഞാഴ്ച തമിഴരടക്കമുള്ളവരെ പാർപ്പിച്ചിരിക്കുന്ന ജയിലുണ്ടായ കലാപവും മരണങ്ങളും ഇതിന്റെയൊക്കെ തുടർച്ചയാണ്


അവലംബം:

Friday, November 9, 2012

ഹിന്ദുക്കള്‍ വര്‍ഗശത്രുക്കളോ?

കുറുക്കന്‍ ചത്താലും കണ്ണ്‌ കോഴിക്കൂട്ടിലാണെന്ന്‌ പറയുന്നതുപോലെയാണ്‌ ക്ഷേത്രങ്ങളോടുള്ള സിപിഎം സമീപനം. എത്ര രാഷ്ട്രീയമായി തിരിച്ചടി നേരിട്ടാലും ഹിന്ദുക്കളെ ദ്രോഹിക്കാതെ സിപിഎം നേതാക്കള്‍ക്ക്‌ ഉറക്കം വരില്ല. നിരീശ്വരവാദികളാണ്‌, ദൈവങ്ങള്‍ ഉപരിവര്‍ഗ്ഗത്തിന്റെ മിഥ്യകളാണ്‌, ക്ഷേത്രങ്ങള്‍ അന്ധവിശ്വാസകേന്ദ്രങ്ങളാണ്‌ എന്നൊക്കെ അവകാശപ്പെടുമെങ്കിലും ക്ഷേത്രഭരണത്തിന്റെയും സ്വത്തിന്റെയും കാര്യം വരുമ്പോള്‍ സിപിഎമ്മിന്റെ മട്ടും ഭാവവും മാറും. അവര്‍ക്ക്‌ ക്ഷേത്രം ഭരിക്കണം, ക്ഷേത്രസ്വത്തില്‍ കയ്യിട്ടുവാരണം. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തിനെക്കുറിച്ച്‌ അമിക്കസ്ക്യൂറി സുപ്രീംകോടതിയെ ബോധിപ്പിച്ച കാര്യങ്ങളോടുള്ള സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രതികരണം ഇതിലേക്കാണ്‌ വിരല്‍ചൂണ്ടുന്നത്‌.
ശ്രീപത്മനാഭസ്വാമി ക്ഷേത്ര സ്വത്ത്‌ ഏതു തരത്തില്‍ ചെലവിടണമെന്ന്‌ ജനാധിപത്യ പരമായി എല്ലാ വിഭാഗങ്ങളുമായി ചര്‍ച്ച ചെയ്യണമെന്നും ഇതിനായി സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നുമാണ്‌ പിണറായി വാദിക്കുന്നത്‌. പത്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച്‌ അമിക്കസ്‌ ക്യൂറി റിപ്പോര്‍ട്ടിന്‌ പിന്നില്‍ ക്ഷേത്ര ഭരണം വീണ്ടും രാജകുടുംബത്തിന്റെ കയ്യിലെത്തിക്കാനുള്ള നീക്കമാണത്രെ. അമിക്കസ്‌ ക്യൂറി റിപ്പോര്‍ട്ട്‌ സുപ്രീംകോടതി അംഗീകരിക്കരുത്‌. റിപ്പോര്‍ട്ട്‌ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതാണ്‌. ക്ഷേത്രം രാജാവിന്റെ സ്വകാര്യ സ്വത്തെന്ന രീതിയിലാണ്‌ അമിക്കസ്‌ ക്യൂറിയുടെ റിപ്പോര്‍ട്ട്‌. ക്ഷേത്രത്തില്‍ രാജകുടുംബത്തിന്‌ ചെറിയൊരു അവകാശമേയുള്ളൂ. ക്ഷേത്രം കൊട്ടാരം വകയായിരുന്നില്ല. എട്ടരയോഗക്കാരുടെ ഭരണത്തിലായിരുന്നു ക്ഷേത്രം. മാര്‍ത്താണ്ഡവര്‍മ്മയുടെ ഭരണകാലത്താണ്‌ കൊട്ടാരത്തിന്റെ ഭരണത്തില്‍ വന്നത്‌. തൃപ്പടി ദാനം നടത്തി ദൈവത്തിന്റെ പ്രതിപുരുഷനായി ഭരണം കയ്യടക്കുകയായിരുന്നു. ഇങ്ങനെയൊക്കെയാണ്‌ പിണറായിയുടെ കണ്ടുപിടിത്തങ്ങള്‍.

ഭക്തരില്‍നിന്ന്‌ കാണിക്കയായി ലഭിച്ചതും രാജഭരണകാലത്ത്‌ നാട്ടുരാജ്യങ്ങള്‍ കൈവശപ്പെടുത്തിയപ്പോള്‍ ലഭിച്ച സ്വത്തുക്കളുമെല്ലാം പൊതുസ്വത്തായി കണ്ട്‌ രാഷ്ടത്തിന്റെ സമ്പത്താക്കണമെന്നും ക്ഷേത്രകാര്യങ്ങള്‍ക്കുള്ള സ്വത്ത്‌ മാറ്റിവെച്ചിട്ട്‌ ബാക്കി രാഷ്ട്രത്തിന്റെ പുരോഗതിക്ക്‌ വിനിയോഗിക്കണമെന്നും പിണറായി ആവശ്യപ്പെടുന്നു. ക്ഷേത്ര ഭരണസംവിധാനം ഉടച്ചുവാര്‍ക്കണമെന്നും അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീ ഭായിയുടെ മകന്‍ ആദിത്യ വര്‍മയെ ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസറായും എം ജി ശശിഭൂഷണെ ക്ഷേത്രപുനരുദ്ധാരണ സമിതിയംഗമായും ഇദ്ദേഹത്തിന്റെ മകന്‍ ഗൗതമിനെ ജോയിന്റ്‌ എക്സിക്യൂട്ടിവ്‌ ഓഫീസറായും നിയമിക്കണമെന്നും രാഷ്ട്രീയപാര്‍ട്ടികളെ ക്ഷേത്രഭരണത്തില്‍ ഇടപെടാന്‍ അനുവദിക്കരുതെന്നും അമിക്കസ്‌ ക്യൂറി ശുപാര്‍ശ ചെയ്തിരുന്നു. ഇതിനെയും പിണറായി വിമര്‍ശിക്കുകയാണ്‌. എന്നാല്‍ പിണറായിയുടെ നിലപാടുകളിലെ പൊള്ളത്തരവും ഇരട്ടത്താപ്പും ചരിത്രപണ്ഡിതനായ എം.ജി. ശശിഭൂഷണ്‍ തുറന്നുകാട്ടുന്നു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത്‌ എങ്ങനെ കൈകാര്യം ചെയ്യണമെന്നും സുപ്രീം കോടതി നിയോഗിച്ച അമിക്കസ്ക്യൂറിയെ ക്കുറിച്ചുമുള്ള പിണറായി വിജയന്റെ പ്രതികരണം അജ്ഞതയില്‍ നിന്നുണ്ടായതാണെന്ന്‌ ശശിഭൂഷണ്‍ പറയുന്നത്‌ പിണറായിക്ക്‌ ഉചിത മറുപടിയാണ്‌. പത്മനാഭസ്വാമി ക്ഷേത്രത്തിലെ കാണിക്കമാത്രമാണോ പൊതുസ്വത്ത്‌ അതോ വേളാങ്കണ്ണി പള്ളി, അജ്മീര്‍ ദര്‍ഗ എന്നിവിടങ്ങളിലെ കാണിക്കയും പൊതുസ്വത്താണോ എന്നറിയണം. ഇത്‌ വിശദീകരിക്കാനുള്ള ആര്‍ജവം കാട്ടണമെന്ന്‌ ശശിഭൂഷന്റെ അഭ്യര്‍ത്ഥനയോട്‌ പിണറായിക്ക്‌ എന്ത്‌ മറുപടിയുണ്ടെന്ന്‌ അറിയണം.

അമിക്കസ്ക്യൂറി റിപ്പോര്‍ട്ട്‌ കോടതിക്ക്‌ കൊടുത്തതേയുള്ളൂ. തീരുമാനം ഉണ്ടായിട്ടില്ല. ഇതില്‍ എന്തെല്ലാം അംഗീകരിക്കണമെന്ന്‌ തീരുമാനിക്കുന്നത്‌ സുപ്രീം കോടതിയാണ്‌. സുപ്രീം കോടതിയുടെ തീരുമാനം സര്‍ക്കാരും രാജകുടുംബവും അനുസരിക്കാന്‍ ബാധ്യസ്ഥരുമാണ്‌. എട്ടരയോഗക്കാരായിരുന്നു ക്ഷേത്ര ഉടമകളെന്നാണ്‌ പിണറായി പറയുന്നത്‌. എട്ടരയോഗം എന്നത്‌ രാജകീയ സമിതിയാണ്‌. ഇതിന്റെ മേല്‍ക്കോയ്മ രാജാവിനായിരുന്നു. ഇവര്‍ രാജാവിന്റെ ഉപദേശക സമിതി അംഗങ്ങളായിരുന്നു. ഇവര്‍ ഊരാളന്മാരല്ല. പഴയകാലത്ത്‌ ഇവരെ വിളിച്ചിരുന്നത്‌ സമുദായം എന്നാണ്‌. എട്ട്‌ പേരില്‍ രണ്ട്‌ പേരുടെ സാന്നിധ്യം മാത്രമാണ്‌ എപ്പോഴും ഉണ്ടാവുക. ഇവരുമായിട്ടാണ്‌ രാജാവ്‌ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നത്‌. ഇവരെ വാരിയം എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌.
മതിലകം രേഖകളില്‍ ഇത്‌ വ്യക്തമായി പറഞ്ഞിട്ടുണ്ട്‌. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം സര്‍ക്കാരിന്റെ വരുതിയില്‍ കൊണ്ടുവരാന്‍ പിണറായി വിജയന്‍ വ്യഗ്രത കാട്ടുന്നതെന്തിനെന്നാണ്‌ ബിജെപി അധ്യക്ഷന്‍ മുരളീധരന്‍ ചോദിക്കുന്നത്‌. പദ്മനാഭസ്വാമിയുടെ സമ്പത്ത്‌ ചെലവിടാനുള്ള വഴിയായാണ്‌ ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന വാദം പിണറായി മുന്നോട്ടു വച്ചിരിക്കുന്നത്‌. ഇത്‌ അംഗീകരിക്കാനാകില്ല. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ സമര്‍പ്പിക്കുന്ന കാണിക്കയും ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റ്‌ സമ്പത്തും ക്ഷേത്രകാര്യങ്ങള്‍ക്കല്ലാതെ മറ്റ്‌ കാര്യങ്ങള്‍ക്ക്‌ ചെലവഴിക്കാന്‍ പല സര്‍ക്കാരുകളും തയ്യാറായ അനുഭവം നമുക്കു മുന്നിലുണ്ട്‌. ഇതിനെതിരായ പ്രതിഷേധം ഉയര്‍ന്നതുമാണ്‌. ക്ഷേത്രത്തിന്റെ സമ്പത്തും കാണിക്കയും എല്ലാം ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ്‌ വിനിയോഗിക്കേണ്ടത്‌. അതെടുത്തു ചെലവിടാന്‍ സര്‍ക്കാരിന്‌ അവകാശമില്ല.

മറ്റ്‌ മതസ്ഥരുടെ ആരാധനാലയങ്ങളില്‍ ഇത്തരം ഇടപെടല്‍ രാഷ്ട്രീയക്കാരോ സര്‍ക്കാരോ നടത്തുന്നില്ല. ഇതിന്‌ നേര്‍ക്ക്‌ എന്തുകൊണ്ടാണ്‌ സിപിഎം കണ്ണടക്കുന്നത്‌? ശ്രീപത്മനാഭസ്വാമിക്ഷേത്ര നിലവറകളില്‍ കണ്ടെത്തിയ സ്വത്തുക്കള്‍ തിരുവിതാംകൂര്‍ രാജകുടുംബം ക്ഷേത്രത്തിനായി കരുതിയിട്ടുള്ള സ്വത്താണെന്നും ഇത്‌ ശ്രീപത്മനാഭന്റെ സ്വത്തുമാത്രമാണെന്നും എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറയുന്നതിന്റെ സത്യം പിണറായി ഉള്‍ക്കൊള്ളുമോ? ക്ഷേത്രനിലവറകളില്‍ കണ്ടെത്തിയ അപൂര്‍വ്വവും അമൂല്യവുമായ ഈ ശേഖരങ്ങള്‍ പത്മനാഭസ്വാമിയുടേതായി കണക്കാക്കി ക്ഷേത്രത്തില്‍ത്തന്നെ സംരക്ഷിക്കുന്ന തരത്തിലുള്ള ഒരു സംവിധാനമാണ്‌ ഉണ്ടാകേണ്ടത്‌. ഇത്‌ പൊതുമുതലാക്കണമെന്ന്‌ ചില കേന്ദ്രങ്ങളില്‍ നിന്ന്‌ ഉയര്‍ന്നിട്ടുള്ള അഭിപ്രായങ്ങള്‍ ശരിയല്ലെന്നും എന്‍എസ്‌എസ്‌ നേതാവ്‌ വ്യക്തമാക്കിയിരിക്കുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്തും ഭരണവും പൊതുവാക്കണമെന്ന പിണറായി വിജയന്റെ അഭിപ്രായം ക്ഷേത്രങ്ങളെ നശിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്ന്‌ ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പറയുന്നത്‌ സിപിഎമ്മുകാരായ ഹിന്ദുക്കളുടെകൂടി അഭിപ്രായമാണ്‌. പത്മനാഭസ്വാമിക്ഷേത്രം നിലനില്‍ക്കുന്നത്ക്ഷേത്രഭക്തജനങ്ങളും പത്മനാഭസ്വാമിയും പത്മനാഭദാസനായി ഭരിക്കുന്ന രാജാവുമടങ്ങുന്ന ത്രിമാനബിന്ദുവിലാണ്‌. അതില്‍ സര്‍ക്കാരോ ബാഹ്യശക്തികളോ ഇടപെടുന്നത്‌ ശരിയല്ല. മതേതര സര്‍ക്കാര്‍ ഹിന്ദുക്കളുടെ ആരാധനാകേന്ദ്രത്തില്‍ മാത്രം ഇടപെടണമെന്നും ഭരിക്കണമെന്നും ശഠിക്കുന്നത്‌ ദുരുദ്ദേശപരമാണ്‌ എന്ന കുമ്മനത്തിന്റെ മുന്നറിയിപ്പ്‌ മറ്റാരേക്കാളും സിപിഎമ്മിനുള്ളതാണ്‌..............................

കടപ്പാട്: ജന്മഭൂമി 

Wednesday, November 7, 2012




പര്‍ദ്ദ സ്ത്രീ-പുരുഷ ഭേദമില്ലാത്ത അറബ് വസ്ത്രം

മുസ്ലീം സ്ത്രീകള്‍ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന പര്‍ദ്ദ എന്ന് വിശേഷിപ്പിക്കാവുന്ന തോള്‍ മുതല്‍ കാല്‍പ്പാദംവരെ നീളുന്ന വസ്ത്രം മധ്യപൂര്‍വ്വേഷ്യയിലെ ജനങ്ങള്‍ മത-വര്‍ഗ-ഗോത്ര വേര്‍തിരിവില്ലാതെ, സ്ത്രീപുരുഷ ഭേദമില്ലാതെ ധരിച്ചിരുന്ന വസ്ത്രമാണ്. മധ്യപൂര്‍വ്വേഷ്യന്‍ മരുഭൂപ്രദേശത്ത് ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇതല്ലാതെ മറ്റൊരു വസ്ത്രവും ജനങ്ങള്‍ ധരിച്ചിരുന്നില്ല. ജൂതരും ക്രിത്യാനികളും മുസ്ലീങ്ങളും വ്യക്തമായ മതത്തിന്റെ ചട്ടക്കൂടുകളില്ലാത്ത ഗോത്രവര്‍ഗ ജനതകളും ഒക്കെ ഇതായിരുന്നു ധരിച്ചിരുന്നത്. മണല്‍ക്കാറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ മുടി നീട്ടി വളര്‍ത്തിയ സ്ത്രീകളും പുരുഷന്മാരും തലമറച്ച് ശിരോവസ്ത്രവും ധരിച്ചിരുന്നു. അത് മധ്യപൂര്‍വ്വേഷ്യക്കാര്‍ ഇന്നും തുടരുന്നുമുണ്ട്. അതവരുടെ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും തുടര്‍ച്ച തന്നെയാണ്. കാലത്തിന്റെയും പരിഷ്‌കരണങ്ങളുടെയും ചെത്തിമിനുപ്പിക്കല്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഈ നീളന്‍ കുപ്പായത്തിന്റെ അടിസ്ഥാന ഘടനയില്‍ മാറ്റമുണ്ടായിട്ടില്ല. അതാത് ദേശത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയുമൊക്കെയാണ് ഒരു ദേശത്തിന്റെ വസ്ത്രധാരണരീതി നിശ്ചയിക്കുന്നത്. കുടിയേറ്റം, കോളനിവത്ക്കരണം, ഗതാഗതസംവിധാനത്തിലുണ്ടായ മാറ്റങ്ങള്‍, പുതിയ കാലത്തിന്റെ ഫാഷന്‍ തരംഗം എന്നിവ നാടിന്റെ തന്നെ വസ്ത്രരീതിയെ മാറ്റിമറിക്കുന്നുണ്ട്. കേരളം മുണ്ടില്‍ നിന്ന് പാന്റിലേക്ക മാറുന്നത് ഇതിനു നല്ലൊരു ഉദാഹരണമാണ്. കോളനിവത്ക്കരണത്തിലൂടെ പാശ്ചാത്യര്‍ കൊണ്ടുവന്ന സ്യട്ട് പോലെ, ആദ്യകാലത്ത് കച്ചവടബന്ധത്തിലൂടെയും പിന്നീട് പ്രവാസത്തിലൂടെയും മധ്യപൂര്‍വ്വേഷ്യന്‍ വസ്ത്രത്തെ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ട നീളന്‍ വസ്ത്രം മതത്തിന്റെ ചിഹ്നമായി ഉയര്‍ത്തിക്കാട്ടപ്പെടുകയും മനുഷ്യവര്‍ഗത്തിലെ ഒരു വിഭാഗമായ സ്ത്രീകള്‍ മാത്രം അത് ധരിക്കാന്‍ നിര്‍ബന്ധിതരാക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് നമ്മുടെ നാട്ടില്‍ കാണാനാകുന്നത്. മധ്യപൂര്‍വ്വേഷ്യയില്‍ ജൂതരും ക്രിസ്ത്യാനികളും വ്യാപകമായി ഉപയോഗിക്കുന്ന ഈ വസ്ത്രം എങ്ങനെയാണ് മുസ്ലീം സ്ത്രീയുടെ മാത്രം മതാചാരപ്രകാരമുള്ള വസ്ത്രമായി മാറുന്നത്? എന്തുകൊണ്ട് ഇവിടുത്തെ സ്ത്രീകളെ പര്‍ദ്ദ ധരിപ്പിക്കാന്‍ ഉത്സാഹിക്കുന്നവര്‍ മധ്യപൂര്‍വ്വേഷ്യയിലെ പുരുഷന്മാര്‍ ധരിക്കുന്ന നീളന്‍ കുപ്പായം ധരിക്കാതെ തങ്ങള്‍ക്ക് സൗകര്യപ്രദമായ മുണ്ടും പാന്റും ഷര്‍ട്ടും ടീഷര്‍ട്ടുമൊക്കെ ഇടുന്നത്? സ്ത്രീകളുടെ മുഖം മറയ്ക്കാന്‍ പ്രബോധനം നടത്തുന്ന പണ്ഡിതന്മാര്‍ പോലും ശിരോവസ്ത്രം ധരിക്കാന്‍ തയ്യാറാകാത്തതെന്ത്? പര്‍ദ്ദ ധരിക്കണോ വേണ്ടയോ എന്നല്ല, വസ്ത്രധാരണ രീതിയില്‍ സാമുദായികമായ ഇടപെടല്‍ നടക്കുന്നതിനെയാണ് അപലപിക്കുകയും എതിര്‍ക്കുകയും ചെയ്യേണ്ടത്. കേരള സാഹിത്യ അക്കാദമിയുടെ മികച്ച നോവലിനുള്ള 2009ലെ അവാര്‍ഡ് നേടിയ ഡോ. ഖദീജ മുംതാസിന്റെ ബര്‍സ എന്ന നോവലില്‍ ഇസ്ലാമില്‍ സ്ത്രീയുടെ അസ്തിത്വവും വ്യക്തിത്വവും കണ്ടെത്തുകയും പുരുഷനിര്‍മ്മിതമായ മതത്തിന്റെ ചട്ടക്കൂടുകളെ സ്ത്രീയുടെ കാഴ്ചപ്പാടില്‍ വിമര്‍ശിക്കുകയും ചെയ്യുന്ന കൃതിയാണ്. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ഗൈനക്കോളജി വിഭാഗത്തില്‍ പ്രഫസര്‍ കൂടിയായ ഡോ. ഖദീജ മുംതാസ് ഒരു അഭിമുഖത്തില്‍ കേരളത്തില്‍ നടക്കുന്ന പര്‍ദ്ദവത്ക്കരണത്തെക്കുറിച്ച് ഇപ്രകാരം പറയുന്നുണ്ട്, 'സാരിയെക്കാളും ചുരിദാറിനെക്കാളും സെക്‌സിയായി, ബോഡിഷേപ്പാക്കി പര്‍ദ്ദയെ മാറ്റുന്നവരുണ്ട്. അപ്പോള്‍ കറുപ്പ് വെറും സിംബല്‍ മാത്രമായി മാറുന്നു. തീരെ അനാകര്‍ഷകമായ പ്രതിലോമകരമായ സിംബല്‍. കേരളത്തിന്റെ ഈര്‍പ്പവും ചൂടുമുള്ള കാലാവസ്ഥയ്ക്ക് ഒട്ടും യോജിച്ചതുമല്ല ഈ വസ്ത്രം. രോഗികളെ നിത്യേന പരിശോധിക്കുന്ന ഡോക്ടര്‍ എന്ന നിലയില്‍ കൂടിയാണ് ഇത് പറയുന്നത്. എ സി കാറില്‍ യാത്ര ചെയ്യുന്ന അപ്പര്‍ക്ലാസ് മുസ്ലീം സ്ത്രീകള്‍ക്ക് മാത്രമേ അലോസരമില്ലാതെ ഇത് ധരിക്കാനാവൂ. പിന്നെ, പര്‍ദ്ദ രക്ഷാ കവചമാണെന്നൊക്കെ പറയുമ്പോള്‍ ചിന്തിക്കേണ്ടത്, കവചമിട്ട് നടക്കുന്നത് ആരില്‍ നിന്ന് രക്ഷപ്പെടാന്‍ എന്നതാണ്. പുരുഷ മനസ്സ് ആക്രമണോത്സുകമാണെങ്കില്‍ അതിന്റെ നവീകരണത്തിനല്ലേ കൂടുതല്‍ ഊന്നല്‍ കൊടുക്കേണ്ടത്?' ഹിന്ദുതീവ്രവാദ സംഘടനകള്‍ വസ്ത്രധാരത്തിന്റെ കാര്യത്തില്‍ ശാഠ്യം പിടിക്കാന്‍ തുടങ്ങിയിട്ടുണ്ടോ എന്നറിയില്ല. എങ്കിലും രാഖി കെട്ടുക, ചുവന്ന കുറിയണിയുക തുടങ്ങിയ കലാപരിപാടികള്‍ക്ക് ഇവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുന്നുണ്ട്. വടക്കേന്ത്യന്‍ ഗ്രാമങ്ങളില്‍ സ്ത്രീകള്‍ വ്യാപകമായി തന്നെ മുഖവും തലയും മറച്ച് നടക്കാറുണ്ട്. ഇത് ഹൈന്ദവതീവ്രവാദികളുടെ സ്വാധീനത്താലാണെന്ന് പറയുക വയ്യ. മംഗലാപുരത്ത് ശ്രീരാമസേനക്കാര്‍ സദാചാരത്തിന് വേണ്ടി അക്രമം അഴിച്ചുവിട്ടപ്പോള്‍ സ്വതന്ത്രമായി ചിന്തിക്കുന്ന സ്ത്രീ സമൂഹം സദാചാരവാദികള്‍ക്ക് ചുട്ട മറുപടി നല്‍കുക തന്നെ ചെയ്തു. പിങ്ക് ജട്ടി കാമ്പയിന്‍ എന്ന പേരില്‍ സ്ത്രീകള്‍ തങ്ങളുടെ അടിവസ്ത്രം ശ്രീരാമസേനയുടെ ഓഫീസിലേക്ക് അയച്ചുകൊടുക്കാന്‍ തുടങ്ങിയപ്പോഴാണ് സദാചാരവാദികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയത്. ഇതോടെ ശ്രീരാമസേനക്കാരുടെ സദാചാരയുദ്ധത്തിന് ഏറെക്കുറെ ശമനമുണ്ടായിട്ടുണ്ട്. അമേരിക്കയില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ നടത്തിയ ബേണ്‍ ദ ബ്രാ സമരത്തെ പിങ്ക് ജട്ടി കാമ്പയിന്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. പുരുഷന്‍ ആഗ്രഹിക്കുന്ന വിധത്തില്‍ സ്ത്രീ നടക്കണമെന്ന പുരുഷന്റെ ആഗ്രഹത്തിനാണ് യഥാര്‍ത്ഥത്തില്‍ തകരാറ്. ഇതിനുള്ള മരുന്നാണ് മുകളില്‍ പറഞ്ഞതുപോലെയുണ്ടായിട്ടുള്ള സ്ത്രീകളുടെ പ്രതികരണങ്ങള്‍. കേരളത്തില്‍ ഒരു നൂറ്റാണ്ട് മുമ്പ് നടന്ന ചാന്നാന്‍ ലഹള ഉള്‍പ്പെടെയുള്ള സമരങ്ങള്‍ സ്ത്രീകള്‍ക്ക് മാന്യമായ വസ്ത്രം ധരിക്കുന്നതിന് വേണ്ടിയായിരുന്നു. അതായത് മാറ് മറയ്ക്കാനുള്ള അവകാശത്തിന് വേണ്ടിയായിരുന്നു ഈ സമരങ്ങളെല്ലാം. ഇന്ന് സ്ത്രീകളെ കണ്ണൊഴികെ അടിമുടി വസ്ത്രം ധരിപ്പിക്കാനുള്ള പോരാട്ടങ്ങളാണ് സാമുദായിക സംഘടനകള്‍ ഏറ്റെടുത്തിരിക്കുന്നത്. ഒരു നൂറ്റാണ്ടിനകത്ത് കേരളം എത്രമാത്രം സാംസ്‌കാരികമായും സാമൂഹികമായും 'മുന്നോട്ടുപോയി' എന്നതിന്റെ സൂചകങ്ങളാണ് ഇതൊക്കെ.

കടപ്പാട്‌ : Oneindia Malayalam