ശ്രീലങ്ക പുറമേ ഇപ്പോൾ ശാന്തമാണ്. തമിഴർക്കു വേണ്ടി ജീവിച്ച, പൊരുതി മരിച്ച പുലി ത്തലവൻ വേലുപ്പിള്ള പ്രഭാകരന്റെ വിടവാങ്ങലോടെ അവിടെ കലാപമെല്ലാം ഒടുങ്ങിയെന്നാണ് ലോകത്തിന്റെ വിചാരം. എന്നാൽ ആഭ്യന്തരകലാപം അടിച്ചമർത്താനെന്ന പേരിൽ സർക്കാരുകളുടെ പട്ടാളം നടത്തിയ കൂട്ടക്കുരുതികളുടെയും കിരാതമായ മാനഭംഗങ്ങളുടെയും കൊടിയ മനുഷ്യാവകാശ ലംഘനങ്ങളുടെയും ഓർമ്മകൾ ലങ്കൻ ജനതയെ വേട്ടയാടുകയാണ്. കലാപാനന്തരം ആംനസ്റ്റി ഇന്റർനാഷണലും ഐക്യരാഷ്ട്രസംഘടനയുമെല്ലാം ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. തമിഴ് സംസ്കാരം തുടച്ചു നീക്കാനുള്ള ഭൂരിപക്ഷ സമൂഹമായ സിംഹളരുടെ നീക്കത്തിന്റെ അന്തിമ ഫലമായിരുന്നു ലങ്കയിൽ പതിറ്റാണ്ടുകൾ നീണ്ടകലാപം. പ്രഭാകരനെ വധിക്കുകയെന്നതായിരുന്നു പരസ്യ അജണ്ട. തമിഴരെ തുരത്തുകയെന്നത് രഹസ്യ അജണ്ടയും.
തേയിലത്തോട്ടങ്ങളിലെ പണിക്കാർ
ബ്രിട്ടീഷ് ഭരണകാലത്ത് തേയിലത്തോട്ടങ്ങളിൽ പണിയെടുക്കാനാണ് ഇന്ത്യയിൽ നിന്ന് തമിഴരെ ലങ്കയിലെത്തിച്ചത്. ബ്രിട്ടീഷ് ഭരണം അവസാനിച്ചതോടെ ലങ്കയുടെ യഥാർത്ഥ പാരന്പര്യമെന്തെന്ന ചോദ്യമായി. അത് ബുദ്ധ മത വിശ്വാസികളായ സിംഹളരും ഹിന്ദു മത വിശ്വാസികളായ തമിഴരും തമ്മിലുള്ള കലാപമായി.
1948 ഫെബ്രുവരി നാലിന് സ്വാതന്ത്ര്യം പ്രാപിച്ചെങ്കിലും 1972 മെയ് 22 നാണ് സ്വതന്ത്ര റിപ്പബ്ലിക്കായത്. ഡി.എസ് സമരനായക പ്രധാനമന്ത്രിയായ ആദ്യ ക്യാബിനറ്റിൽ തമിഴ് നേതാക്കളായ പൊന്നന്പലം, അരുണാചലം മഹാദേവ എന്നിവർ മന്ത്രിമാരായിരുന്നു. പിന്നീടുള്ള കാലം തമിഴർക്ക് അർഹമായ പരിഗണന ലഭിച്ചില്ല. ബ്രിട്ടീഷ് കാലത്ത് സജീവമായിരുന്ന ക്രിസ്ത്യൻ മിഷണറിമാർ ശ്രദ്ധ കേന്ദ്രീകരിച്ചത് തമിഴർക്ക് സ്വാധീനമുള്ള വടക്കു കിഴക്കൻ മേഖലകളിലായിരുന്നു. അതിനാൽ മികച്ച വിദ്യാഭ്യാസവും തൊഴിലും ലഭിച്ചിരുന്നത് തമിഴർക്കാണെന്നും തങ്ങളുടെ അവകാശങ്ങളാണ് ലംഘിച്ചതെന്നും സിംഹളർ വാദിച്ചു. സിവിൽ സർവീസ്, നിയമനിർമ്മാണ മേഖലകളിൽ തമിഴ് വംശജരായിരുന്നു കൂടുതലും.
സിംഹളർക്ക് സംവരണം
1956ൽ എസ്.ഡബ്ല്യു.ആർ.ഡി ബണ്ഡാരനായകെ പ്രധാനമന്ത്രിയായിരുന്ന കാലത്ത് പാസാക്കിയ സിംഹള(സിംഹള ഓൺലി ആക്ട്) നിയമം കലാപം ആളിക്കത്തിച്ചു. ഈ നിയമമനുസരിച്ച് സിംഹളം ഔദ്യോഗിക ഭാഷയാക്കി, സിംഹളർക്ക് തൊഴിൽ സംവരണം നടപ്പാക്കി. സർവകലാശാല പ്രവേശനത്തിന് സിംഹള ഭാഷയിലെ അറിവ് നിർബന്ധവുമാക്കി.
സിംഹളർ അപ്പോഴേക്കും എല്ലാ മേഖലകളിലും ചുവടുറപ്പിച്ചിരുന്നു. ഔദ്യോഗിക ഭാഷ സിംഹളയാക്കിയതോടെ തമിഴർക്ക് ഉപരിപഠനത്തിനുള്ള അവസരങ്ങളും തൊഴിലവസരങ്ങളും നഷ്ടമായി. സിലോൺ എന്നാണ് അന്ന് ശ്രീലങ്ക അറിയപ്പെട്ടത്. 1972ൽ റിപ്പബ്ലിക്കായപ്പോൾ പേരും മാറ്റി. ബണ്ഡാരനായകെയുടെ വിധവ സിരിമാവോ ബണ്ഡാരനായകെ പ്രധാനമന്ത്രിയായപ്പോഴും തമിഴ് വിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചത്. സർവകലാശാലകളിൽ തമിഴ് വിദ്യാർത്ഥികൾ കുറഞ്ഞു. തമിഴരെ സിംഹളർ അടിച്ചമർത്തി. അപ്പോഴാണ് 1983ൽ തമിഴർക്ക് സ്വതന്ത്ര രാഷ്ട്രമെന്ന ആവശ്യവുമായി പ്രഭാകരന്റെ നേതൃത്വത്തിൽ ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈലം( എൽ.ടി.ടി.ഇ) രംഗത്ത് വന്നത്. തുടർന്നുണ്ടായ കലാപത്തിൽ ഒന്നര ലക്ഷത്തിലേറെ തമിഴർ പല രാജ്യങ്ങളിൽ അഭയം തേടി. ഭരണകൂടത്തിനെതിരെ പ്രഭാകരൻ സായുധ സമരം പ്രഖ്യാപിച്ചതോടെ സ്ഥിതിഗതികൾ രൂക്ഷമായി. ലങ്കൻ ഭരണാധികാരികൾ സകലരും പ്രഭാകരനെ ഒതുക്കാൻ ശ്രമിച്ചെങ്കിലും ഇപ്പോഴത്തെ പ്രസിഡന്റ് മഹേന്ദ്ര രാജപക്സെയ്ക്കാണ് വിജയം നേടാൻ സാധിച്ചത്.
ലങ്ക നീറിപ്പുകയുന്നു
ശ്രീലങ്ക ഇപ്പോഴും നീറിപ്പുകയുകയാണ്. രാജ്യം അരാജകത്വത്തിലേയ്ക്ക് പോകുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. തമിഴരെ സഹായിക്കാനായി കോടിക്കണക്കിന് രൂപ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പിരിച്ചെടുത്തെങ്കിലും അതൊന്നും അർഹരായവർക്ക് ലഭിച്ചിട്ടില്ല. ഒട്ടനവധി തമിഴരെ സർക്കാർ കൊന്നൊടുക്കി. തമിഴ് വംശജർ തിങ്ങിപ്പാർക്കുന്ന കോളനികളിൽ പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്നതും പ്രിയപ്പെട്ടവരെ നഷ്ടമായതിന്റെ വേദനയിൽ വിഷാദ രോഗികളായി തീർന്നവർ ആത്മഹത്യ ചെയ്യുന്നതും തമിഴരെ ഇപ്പോഴും വലയ്ക്കുന്നു.
ചികിത്സയോ ഭക്ഷണമോ ഇവർക്ക് നൽകാൻ സർക്കാർ ഇനിയും തയ്യാറാകുന്നില്ല. ഇതിനെല്ലാം പുറമെയാണ് ലങ്കൻ പട്ടാളം തമിഴ് സ്ത്രീകൾക്കും കുട്ടികൾക്കും നേരെ കാണിക്കുന്ന ലൈംഗിക അതിക്രമങ്ങൾ. തമിഴ് സ്ത്രീകളെ കാണാതാകുന്നതും അജ്ഞാതമായ കാരണങ്ങളാൽ അവർ കൊല്ലപ്പെടുന്നതും ഭീകരമായ വിധത്തിൽ വർദ്ധിച്ചിരിക്കുകയാണ് ഇപ്പോൾ. അടുത്തിടെ ലങ്കയിൽ നിന്ന് പുറത്ത് വന്ന ചില ചിത്രങ്ങൾ ഇക്കാര്യം ശരിവയ്ക്കുന്നു. കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങളായിരുന്നു ഇവ. മൃതദേഹങ്ങളെല്ലാം നഗ്നമായിരുന്നു.. ഇത്തരം പീഡനങ്ങൾക്കിരയായി ജീവൻ തിരിച്ചു ലഭിക്കുന്നവർ പിന്നീട് ആത്മഹത്യയിലാണ് അഭയം തേടുന്നത്.
പ്രഭാകരനില്ലാത്ത ലങ്കയിൽ തമിഴർ സുരക്ഷിതരല്ല. മാധ്യമങ്ങളെ ഇപ്പോഴും ഒരുപരിധിക്കപ്പുറത്തേക്ക് അനുവദിക്കാത്ത രാജപക്സെ സർക്കാരിന് തമിഴ് ഉന്മൂലനം മാത്രമായിരുന്നു ലക്ഷ്യം. ടിം കിംഗ് എന്ന മാധ്യമ പ്രവർത്തകനാണ് ലങ്കയിൽ തമിഴർ ഇപ്പോഴും അനുഭവിക്കുന്ന അരാജകാവസ്ഥ പുറത്ത് വിട്ടത്. സൈന്യം തട്ടിക്കൊണ്ട് പോകുന്ന പല സ്ത്രീകളും രാജപക്സെയുടെ കൊട്ടാരത്തിലും എത്തിച്ചേർന്നിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ റിപ്പോർട്ട്. രാജപക്സെയെ കുറിച്ച് പറഞ്ഞ് കേൾക്കുന്ന കഥകൾ ഇത് ശരിവയ്ക്കുന്നു. കഴിഞ്ഞാഴ്ച തമിഴരടക്കമുള്ളവരെ പാർപ്പിച്ചിരിക്കുന്ന ജയിലുണ്ടായ കലാപവും മരണങ്ങളും ഇതിന്റെയൊക്കെ തുടർച്ചയാണ്
അവലംബം:
No comments:
Post a Comment