Monday, August 27, 2012

മുടി തട്ടത്തിന് പുറത്തേക്കു നീങ്ങിക്കിടപ്പുണ്ടോ എന്ന് നോക്കുന്നവനല്ല പടച്ചവന്‍



അഭിമുഖം: ഖദീജ മുംതാസ്/ മൈന ഉമൈബാന്‍





 
ബര്‍സയിലെ കേന്ദ്രകഥാപാത്രമായ സബിതയെ എന്തിനാണ് നവ ഇസ്‌ലാമാക്കിയത്?
എന്നോട് പലരും ചോദിച്ച ചോദ്യമാണിത്. ഡോ. എം. ഗംഗാധരനെപ്പോലുള്ളവര്‍ സബിതയെ നവ മുസ്‌ലിം ആക്കിയതിനെ വിമര്‍ശിച്ചു. നോവലിന്റെ ബലഹീനതയാണെന്നു വരെ. കല്പറ്റ നാരായണന്റെ അഭിപ്രായത്തില്‍ അതാണ് നോവലിലെ ഏറ്റവും വലിയ ശരി. വടക്കന്‍ മലബാറിലെ മുസ്‌ലിം-തിയ്യ ബന്ധത്തെപ്പറ്റി പൂര്‍ണബോധ്യമുള്ള അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, മുസ്‌ലിങ്ങളെപ്പറ്റി നന്മ മാത്രം സൂക്ഷിക്കുന്ന, ഇസ്‌ലാമിലേക്ക് നവമുസ്‌ലിമായി കടന്നുചെല്ലുന്ന ഒരു ഈഴവയുവതിക്ക് ഇങ്ങനെയൊക്കെയേ അനുഭവിക്കാനാവൂ. ഇത്തരം സംശയങ്ങളേ ഉന്നയിക്കാനാവൂ.

സൗദി അറേബ്യയിലേക്ക് പ്രവാസിയായി പോകുമ്പോള്‍ ഞാനും ഇസ്‌ലാമിലെ ഒരു പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥിനി മാത്രമായിരുന്നു. കുട്ടിക്കാലത്തെ ഓത്തുപള്ളി പഠനം എനിക്കൊന്നും തന്നിട്ടില്ല. അറബി അക്ഷരങ്ങള്‍ കൂട്ടി വായിക്കാനും അങ്ങനെ ഖുര്‍ആന്‍ ഓതാനും മാത്രം പഠിച്ചു. അറബിമലയാളത്തിലെഴുതിയ ഒരു കൊച്ചുപുസ്തകം വായിച്ച് മൊല്ലാക്ക, മുഹമ്മദ് നബിയുടെ വംശവൃക്ഷവും, നബി കറുത്തിട്ടായിരുന്നില്ല, വെളുത്തിട്ടുമായിരുന്നില്ല, ചുവന്നിട്ടായിരുന്നു എന്നീമട്ടിലുള്ള കാര്യങ്ങളും പകര്‍ന്നു തന്നതായി ഓര്‍ക്കുന്നു. സൗദി അറേബ്യയിലെത്തി, മക്കയിലാണ് പോസ്റ്റിങ് എന്ന സത്യം മനസ്സംഗീകരിച്ചതോടെ, അതു ഞാന്‍ ജനിച്ച ഇസ്‌ലാംമതത്തെ പഠിക്കാനുള്ള ഒരവസരമാക്കി എടുത്തു. അവിടത്തെ അന്തരീക്ഷവും ആചാരങ്ങളും നമ്മെ അതിനു പ്രേരിപ്പിക്കുന്നുമുണ്ട്. ഭര്‍ത്താവിനും അക്കാലത്ത് അത്തരം ആഭിമുഖ്യമുണ്ടായിരുന്നതുകൊണ്ട് ധാരാളം പുസ്തകങ്ങള്‍ ലഭിച്ചു. തുറന്ന മനസ്സോടെ പഠനത്തിറങ്ങിയ എന്നെ ഖുര്‍ആന്‍ പരിഭാഷകളും വ്യാഖ്യാനങ്ങളും ഹദീസ് പുസ്തകങ്ങളും പലപ്പോഴും വല്ലാത്ത അസ്വസ്ഥതകളിലും ആശയക്കുഴപ്പങ്ങളിലുമാക്കി. ഇസ്‌ലാമിക് ഹിസ്റ്ററി പക്ഷേ, വല്ലാതെ ആകര്‍ഷകമായി തോന്നുകയും ചെയ്തു. ഇസ്‌ലാമിന്റെ ആവിര്‍ഭാവം, അതിലെ വിപ്ലവാംശം, സാമൂഹികനീതി അതൊക്കെ ഉള്‍ക്കൊള്ളാന്‍ എനിക്കായി. സൗദി അറേബ്യയിലെ ഭരണാധികാരികള്‍ നടപ്പിലാക്കിയ വഹാബിസം എന്ന അതികാര്‍ക്കശ്യമുള്ള പ്രയോഗം ഇസ്‌ലാം, ഞെട്ടലും വേദനയുമുണ്ടാക്കി. ആ വഹാബിസത്തിന്റെ പ്രകടനങ്ങളാണ്, യഥാര്‍ഥ ഇസ്‌ലാം എന്ന മട്ടില്‍ പ്രവാസി മുസ്‌ലിങ്ങള്‍ തങ്ങളുടെ നാട്ടിലേക്കും പകര്‍ത്തുന്നത് എന്ന് ഞാന്‍ കണ്ടു. ചുരുക്കിപ്പറഞ്ഞാല്‍ സബിതയെന്ന നവ മുസ്‌ലിമിന്റെ കാഴ്ചകള്‍ തന്നെയായിരുന്നു ഏറക്കുറെ എന്റെയും. പിന്നെ ഇസ്‌ലാമില്‍ അനുഭവിക്കേണ്ടിവരുന്ന സംഘര്‍ഷങ്ങളെപ്പറ്റി ഒരു നവ മുസ്‌ലിം സംസാരിക്കുമ്പോള്‍ അതു കുറച്ചുകൂടി ശക്തമായി അതിന്റെ പ്രയോക്താക്കളെ ബാധിക്കുമല്ലോ. ഒരു കണ്ണുതുറപ്പിക്കല്‍. കുറച്ചുകൂടി പോസീറ്റീവ് ആയ ഫലം ഉളവാക്കാന്‍ അതാണ് നല്ലതെന്നു തോന്നി.

നോവലിനെപ്പറ്റിയുള്ള പ്രതികരണങ്ങള്‍ എങ്ങനെയൊക്കെയായിരുന്നു?

കത്തുകള്‍ കിട്ടിയിട്ടുണ്ട്. രണ്ടുമൂന്നു ചര്‍ച്ചകളും നടന്നു. വിയോജിപ്പുകാരും വല്ലാതെ വികാരം കൊള്ളുന്നതായി കണ്ടില്ല. പ്രത്യേകിച്ചു മുതിര്‍ന്നവര്‍. കൂടുതല്‍ ശക്തമായ എതിര്‍പ്പുകള്‍ 25 വയസ്സില്‍ താഴെയുള്ള ചെറുപ്പക്കാരില്‍നിന്നായിരുന്നു എന്നത് അദ്ഭുതമായി. മെഡിക്കല്‍ കോളേജില്‍ നടന്ന ചര്‍ച്ചയ്ക്കു ശേഷം ഒരു വിദ്യാര്‍ഥി എന്നോട് പറഞ്ഞത്, ഇസ്‌ലാമിനെ അവഹേളിക്കാനായി ഇങ്ങനെയൊരു ചര്‍ച്ച സംഘടിപ്പിച്ചതിന് മേഡത്തിന് പടച്ചോന്റെ കൈയില്‍നിന്ന് ശിക്ഷകിട്ടുമെന്നാണ്.

വിയോജിപ്പുകളെപ്പറ്റി കൂടുതല്‍ വിശദമാക്കാമോ?

ബര്‍സ വായിച്ച, എനിക്കേറെ ഇഷ്ടമുള്ള ഒരു ലേഡിഡോക്ടര്‍ എനിക്കൊരു കത്തുതന്നു. അവര്‍ ഫുള്‍സ്‌ലീവ് ചുരിദാറും മഫ്ത്തയും ഉപയോഗിക്കുന്നത് ആരുടേയും നിര്‍ബന്ധത്തിനല്ലെന്നും സ്വന്തം തീരുമാനമായിരുന്നെന്നും, ഖുര്‍ആന്‍ വായിച്ചപ്പോള്‍ സത്യവിശ്വാസിയായി, ഖുര്‍ആന്‍ അനുശാസിക്കുന്ന വിധത്തില്‍ ജീവിക്കാന്‍ തോന്നിയെന്നും അവര്‍ പറയുന്നു.

കഅബയെ വലം വെക്കുന്നതു വിഗ്രഹാരാധനയ്ക്കു തുല്യമല്ലേ എന്നതും, മുഹമ്മദ് നബിയുടെ ഭാര്യമാരുടെ ആത്മസംഘര്‍ഷങ്ങളെപ്പറ്റി എഴുതിയതും ഒക്കെ അവരെ അസ്വസ്ഥയാക്കിയിരിക്കുന്നു. ഇതൊക്കെ എന്തിനാണ് നിങ്ങള്‍ ചിന്തിക്കുന്നത് എന്നാണ് ചോദ്യം. സ്ത്രീകള്‍ തന്നെയാണ്, നിങ്ങള്‍ എന്തിന് അധികം ആകുലപ്പെടുന്നു എന്നു ചോദിക്കുന്നത്. സ്വന്തം മകനെ അറുക്കാന്‍ ഇബ്രാഹിം നബി തയ്യാറായത് ആത്മീയതയുടെ ഉത്തമമാതൃകതന്നെയാണെന്നും, ഹാജറാബീവിയെക്കൊണ്ട് വിയോജിപ്പ് ചിന്തിപ്പിച്ചത് നോവലിസ്റ്റിന്റെ സങ്കുചിതത്വമാണെന്നും പറഞ്ഞു എന്റെയൊരു വിദ്യാര്‍ഥി.

'കഅബ'യെ വിഗ്രഹത്തോട് താരതമ്യപ്പെടുത്തിയത് ശരിയായില്ല എന്നുതോന്നുന്നുണ്ടോ, ഇപ്പോള്‍?

ആദ്യമായി മക്ക ഹറമിലെത്തിയപ്പോള്‍ വളരെ നിര്‍ദോഷമായി എന്റെ മനസ്സില്‍ വന്ന ചിന്തയാണ്, ഓ, ഇതു ക്ഷേത്രപ്രദക്ഷിണം പോലെ തന്നെയാണല്ലോ എന്നത്. കറുത്ത കല്ലില്‍ (ഹജറുല്‍ അസ്‌വദ്) മുത്തുന്ന കാഴ്ചയും അതിനുവേണ്ടിയുള്ള ഉന്തും തള്ളും മടുപ്പുളവാക്കി. ഇത്തരം കാര്യങ്ങള്‍ നോവലില്‍ ഉള്‍പ്പെടുത്തിയതിന് പ്രത്യേക ഉദ്ദേശ്യമുണ്ടായിരുന്നു. വിഗ്രഹാരാധനയെ കടുത്തരീതിയില്‍ അപലപിക്കുന്ന മതമാണ് ഇസ്‌ലാം. അതിനൊരു കാരണവും ഉണ്ടായിരുന്നുതാനും, ആവിര്‍ഭാവകാലത്ത്. പ്രാകൃത വിഗ്രഹാരാധന മുഴക്കി, ഗോത്രങ്ങളായിത്തിരിഞ്ഞ് കൊല്ലും കൊലയും കൊള്ളയും നടത്തിയിരുന്ന അറേബ്യന്‍ ബദുക്കളെ ഒന്നിപ്പിക്കുക എന്നത്.
ഏകദൈവവിശ്വാസത്തിന്റെ കുടക്കീഴില്‍ അതു നബി സാധിച്ചെടുത്തു. പക്ഷേ, ഈ കടുത്ത വിഗ്രഹവൈരാഗ്യം ഇന്ത്യയെപ്പോലൊരു സെക്കുലര്‍ രാജ്യത്ത് അതേപടി പകര്‍ത്തുമ്പോള്‍ അല്ലെങ്കില്‍ അതിന്റെ പേരില്‍ ശ്രേഷ്ഠത നടിക്കുമ്പോള്‍ സ്വാഭാവികമായും പ്രശ്‌നങ്ങളുണ്ടാവും. നേരെ മറിച്ച് ഭാരതീയവും പ്രാദേശികവുമായ സംസ്‌കൃതിയുടെ സമ്പന്നതയെ, ഭാവനാത്മകതയെ, സൗന്ദര്യത്തെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോള്‍ അത് ഇന്ത്യന്‍ മുസ്‌ലിമിനെ കൂടുതല്‍ നല്ല മുസ്‌ലിമാക്കുകയേയുള്ളൂ. അന്ധമായി വിഗ്രഹാരാധനയെ എതിര്‍ക്കുമ്പോള്‍ നിങ്ങളുടെ ആചാരങ്ങളിലും സമാനമായ ചിലതുണ്ടെന്ന സത്യം അംഗീകരിച്ചേ മതിയാവൂ. ഇത്രയുമേ ഞാനുദ്ദേശിച്ചുള്ളൂ. അതില്‍ കഅബയോടുള്ള അനാദരവൊന്നുമില്ല. പിന്നെ, കഅബയെ കോടികള്‍ വിലമതിക്കുന്ന പട്ടുകൊണ്ട്, ഉത്സവാഘോഷപ്രതീതിയോടെ വര്‍ഷാവര്‍ഷം മാറ്റിയുടുപ്പിക്കുന്നത് ലളിതജീവിതസന്ദേശകരായിരുന്ന മുഹമ്മദു നബിയോ ഖലീഫമാരോ അംഗീകരിക്കില്ല എന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു.

മുഹമ്മദുനബിയെയും ഭാര്യമാരെയും പറ്റി എഴുതിയതോ?

ഭാര്യമാരുടെ അന്തഃപുരം എന്നൊക്കെ എന്തിനെഴുതി, അത് അന്യമതസ്ഥരില്‍ തെറ്റുധാരണ ഉണ്ടാക്കില്ലേ എന്നു ചോദിച്ചത് ഒരു ഡെന്റല്‍ കോളേജ് വിദ്യാര്‍ഥിനിയാണ്. അന്തഃപുരം എന്ന വാക്ക് ഉപയോഗിച്ചിരുന്നോ എന്നുതന്നെ ഓര്‍മയില്ലല്ലോ എന്നു പറഞ്ഞു ഞാന്‍. ലളിതമായ ഈന്തപ്പനക്കുടിലുകളിലായിരുന്നു നബിയുടെയും ഭാര്യമാരുടെയും ജീവിതം എന്ന് എത്രയോ തവണ നോവലില്‍ എഴുതിയിരിക്കുന്നു! ബഹുഭാര്യത്വത്തില്‍ ഒരു സ്ത്രീയുടെ മനസ്സില്‍ ഉണ്ടാകാവുന്ന കോളിളക്കങ്ങളെപ്പറ്റി സാധാരണ മുസ്‌ലിം പുരുഷന്‍ വല്ലാതെ ആകുലനാകാറില്ല. കാരണം, അവന്റെ മനസ്സില്‍ അത് പടച്ചവന്‍ കല്പിച്ചനുവദിച്ചതാണ്. അനിയന്ത്രിതമായ ലൈഗികജീവിതം നയിച്ചിരുന്നവര്‍ക്ക്, കൂടിയാല്‍ നാല് എന്ന അതിര്‍ത്തി നിശ്ചയിച്ചത് 1500 കൊല്ലങ്ങള്‍ക്ക് മുന്‍പാണെന്ന് ഈ ബഹുഭാര്യത്വവാദികള്‍ മറന്നുപോകുന്നു. അവരുടെ മനസ്സുകളിലെ ആദര്‍ശവനിതകളായ ആയിഷയ്ക്കും ഉമ്മുസെല്‍മയ്ക്കും പോലും ആത്മസംഘര്‍ഷങ്ങളുണ്ടായിരുന്നു എന്ന ഒരു ചെറുചിന്തയുടെ പൊരി ഞാനെറിഞ്ഞുകൊടുക്കാന്‍ ശ്രമിച്ചത് ആ മുസ്‌ലിം പുരുഷന്മാരുടെ ചിട്ടപ്പെടുത്തപ്പെട്ട മനസ്സുകളിലേക്കാണ്. എത്രമാത്രം അതു പ്രാവര്‍ത്തികമായി എന്നറിയില്ല.

പിന്നെ ചരിത്രത്തെ ഭാവന കലര്‍ത്തി അവതരിപ്പിച്ചതിനെപ്പറ്റി; അതിലൊരു തെറ്റുമില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ചരിത്രസംഭവങ്ങളിലല്ല ഭാവന കലര്‍ത്തിയത്, മനുഷ്യവികാരങ്ങളിലേയുള്ളൂ. അങ്ങനെയെങ്കിലും കുറച്ച് വെളിച്ചം വീഴട്ടെയെന്നേ! നോവല്‍ വായിച്ചതിനുശേഷം എന്നോടു പലരും പറഞ്ഞു, അവര്‍ക്ക് ഇസ്‌ലാമികചരിത്രത്തെപ്പറ്റി യാതൊന്നും അറിയില്ലായിരുന്നു, നോവല്‍ വായിച്ചതിനുശേഷം പലതും മനസ്സിലാക്കാനായി എന്ന്. അതിനെ പോസിറ്റീവ് ആയി എടുത്തുകൂടെ?

പര്‍ദയെപ്പറ്റിയും, മൂടിക്കെട്ടിയ വസ്ത്രധാരണത്തെപ്പറ്റിയും വളരെ നിശിതമായ വിമര്‍ശനങ്ങള്‍ നോവലിലുണ്ടല്ലോ. ഇപ്പോള്‍ മുസ്‌ലിം സ്ത്രീകള്‍ പണ്ടത്തെക്കാള്‍ കൂടുതലായി മഫ്ത്തയും മറ്റും ഉപയോഗിക്കുന്നുണ്ട്. സഹപ്രവര്‍ത്തകരടക്കം ഈ മാറ്റം ഉള്‍ക്കൊണ്ടപ്പോള്‍ ഡോക്ടര്‍ മാറിയില്ല. എന്താണ് അനുഭവം?

ഓരോരുത്തര്‍ക്കും ഇഷ്ടപ്പെട്ട വസ്ത്രത്തിനു സ്വാതന്ത്ര്യമുണ്ട്. അവനവന്റെ മാന്യതയ്ക്കും, സൗകര്യത്തിനും, സൗന്ദര്യബോധത്തിനുമിണങ്ങിയത്. ബര്‍സ വായിച്ച ഒരു സ്റ്റുഡന്റ് ഈയിടെ എന്നോടു ചോദിച്ചു, മഫ്ത്തയിട്ട ഞങ്ങളെ കാണുമ്പോള്‍ മേഡത്തിനെന്താണ് തോന്നുന്നത് എന്ന്. എന്റെ മനസ്സില്‍ അവരോടൊക്കെ അസഹിഷ്ണുതയാണെന്ന് അവള്‍ സംശയിക്കുന്നുണ്ടെന്നു തോന്നുന്നു. പ്രീഡിഗ്രിക്ലാസുകള്‍ വരെ ഞാനും തട്ടമിട്ടിരുന്നു. രണ്ടു സ്ലൈഡുവെച്ചു തലയിലുറപ്പിക്കുമായിരുന്ന ചെറിയ വര്‍ണത്തട്ടമിട്ട് ഒരു ഉമ്മക്കുട്ടിയായി ഞാനും പാറിനടന്നിരുന്നു. ഇപ്പോഴും ചുരിദാറിന്റെ ഷാള്‍ തലയിലൂടെ കയറ്റിയിട്ട പെണ്‍കുട്ടികളെ കാണുന്നത് എനിക്കിഷ്ടമാണ്. അത് സ്ത്രീയെ കൂടുതല്‍ സുന്ദരിയാക്കുന്നുണ്ട്. മെഡിക്കല്‍ കോളേജില്‍ വന്നപ്പോള്‍ ഞങ്ങളെല്ലാം സാരിയായിരുന്നു. ആരും തട്ടമിട്ടിരുന്നില്ല. മലപ്പുറത്തുനിന്നുള്ള സുഹ്‌റയും ആയിഷയുമടക്കം. ഞങ്ങളെ ആരും, ആണ്‍ സഹപാഠികളും അതിനു നിര്‍ബന്ധിച്ചിരുന്നുമില്ല. ഇന്നത്തെ ഈ മാറ്റത്തില്‍, മതബോധത്തിന്റെ പോസിറ്റീവ് ആയ ഉണര്‍വിനപ്പുറം, മറ്റുമതസ്ഥരില്‍നിന്ന് വ്യതിരിക്തത പാലിക്കുക എന്ന നെഗറ്റീവ് അംശംകൂടി മുഴച്ചുനില്ക്കുന്നത് എന്നെ അസ്വസ്ഥയാക്കുന്നു. പ്രാദേശികസംസ്‌കാരത്തിലധിഷ്ഠിതമായ വ്യതിരിക്തതയല്ല അത്. ആഗോളവ്യാപകമായിത്തന്നെയുള്ള ഒരു അകലം പാലിക്കല്‍. ആ ആള്‍ക്കൂട്ടത്തില്‍പ്പെട്ടുപോകാന്‍ മനസ്സനുവദിക്കുന്നില്ല.

ഇങ്ങനെ വേറിട്ടുനില്ക്കുന്നതു കൊണ്ട് ഒറ്റപ്പെട്ടുപോകുന്നതായി തോന്നാറുണ്ടോ?

ഒറ്റപ്പെട്ടുപോകുന്നതിന്റെ അസ്വസ്ഥത ഈയിടെയായി പലപ്പോഴും അനുഭവിക്കാറുണ്ട്. ചില കുടുംബസദസ്സുകളിലൊക്കെ പോകുമ്പോള്‍. ഇരുപതോ ഇരുപത്തഞ്ചോ കൊല്ലങ്ങള്‍ക്കുമുന്‍പ് അങ്ങനെയൊരു പ്രശ്‌നമേ ഉണ്ടായിരുന്നില്ല. ലോകം പുറകോട്ടാണോ സഞ്ചരിക്കുന്നത് എന്നു സംശയം ജനിപ്പിക്കുന്ന മാറ്റങ്ങളാണീയിടെ.

പര്‍ദ സ്ത്രീശരീരത്തെ മറയ്ക്കാന്‍ കഴിയുന്ന വസ്ത്രമല്ലേ, ശരിക്കും രക്ഷാകവചമല്ലേ? അതിനെ മറ്റൊരര്‍ഥത്തില്‍ കാണേണ്ടതുണ്ടോ?

സാരിയെക്കാളും ചുരിദാറിനെക്കാളും സെക്‌സിയായി, ബോഡിഷേപ്പാക്കി പര്‍ദയെ മാറ്റുന്നവരുണ്ട്.അപ്പോള്‍ കറുപ്പ് വെറും സിംബല്‍ മാത്രമായി മാറുന്നു. തീരെ അനാകര്‍ഷകമായ, പ്രതിലോമകരമായ ഒരു സിംബല്‍. മാത്രമല്ല, കേരളത്തിന്റെ ഈര്‍പ്പവും ചൂടുമുള്ള കാലാവസ്ഥയ്ക്ക് ഒട്ടുമേ യോജിച്ചതുമല്ല ആ വസ്ത്രം. രോഗികളെ നിത്യേന പരിശോധിക്കുന്ന ഒരു ഡോക്ടര്‍ എന്ന നിലയില്‍ക്കൂടിയാണ് ഞാനിതു പറയുന്നത്. എ.സി. കാറില്‍ യാത്രചെയ്യുന്ന അപ്പര്‍ക്ലാസ് മുസ്‌ലിം സ്ത്രീകള്‍ക്കുമാത്രമേ അത് അലോസരമില്ലാതെ ധരിക്കാന്‍ പറ്റൂ.
പിന്നെ, പര്‍ദ രക്ഷാകവചമാണെന്നൊക്കെ പറയുമ്പോള്‍ ചിന്തിക്കേണ്ടത്, കവചമിട്ടുനടക്കുന്നത് ആരില്‍നിന്ന് രക്ഷനേടാന്‍ എന്നതാണ്. പുരുഷമനസ്സ് ആക്രമണോത്സുകമാണെങ്കില്‍ അതിന്റെ നവീകരണത്തിന് കൂടുതല്‍ ഊന്നല്‍ കൊടുക്കുകയല്ലേ വേണ്ടത്?

നോവലില്‍ പലയിടത്തും ഒരു വിപ്ലവകാരിയെ കാണാം. തന്റെ ജോലിയില്‍ വളരെയധികം ആത്മാര്‍ഥത കാണിക്കുന്ന സബിത. എന്നാല്‍ തെറ്റു കാണുമ്പോള്‍ മിണ്ടാതിരിക്കുന്നതിനു പകരം പ്രതികരിക്കുന്നു. ഭക്തിയെകൂട്ടുപിടിച്ച് കര്‍മത്തെ തിരസ്‌കരിക്കുന്ന ദക്തൂറ ആസ്യയോടുള്ള പ്രതികരണം.. ലിപ്സ്റ്റിക് അണിഞ്ഞു വന്ന ഫിലിപ്പൈനി ഹദാമയോട് ദക്തൂര്‍ ഹാഷിം ലിപ്സ്റ്റിക് തുടച്ചുകളഞ്ഞ് കയര്‍ക്കുമ്പോള്‍ സബിത ചോദിക്കുന്നുണ്ട്, അന്യസ്ത്രീകളോടുള്ള കൈയേറ്റം ഇസ്‌ലാമികമാകുമോ എന്ന്. സബിതയോട് നിശ്ശബ്ദപ്രണയമുണ്ടായിരുന്ന, പാശ്ചാത്യവനിതയെ വിവാഹം കഴിക്കാനൊരുങ്ങിയ ദക്തൂര്‍ ഇക്ബാല്‍ പിന്നീടൊരിക്കല്‍ സബിതയോട് പറയുന്നുണ്ട്, നമുക്ക് ദക്തൂറ ഷംസാദിനെപ്പോലെ, ദക്തൂറ സബിതയെയും ഒന്നു പരിഷ്‌കരിച്ചെടുത്താലോ. ഒരു മുഖമറ, അത് ദക്തൂറയ്ക്കും ആകാമെന്നു തോന്നുന്നു എന്ന്. അങ്ങനെ ഒരുപാട് ഉദാഹരണങ്ങളുണ്ട് സബിതയിലെ വിപ്ലവകാരിയില്‍...അതു പക്ഷേ, അതിവിപ്ലവമോ എടുത്തുചാട്ടമോ അല്ല... വളരെ വിവേകത്തോടെ, സംയമനത്തോടെ... വീട്ടിലായാലും ജോലിസ്ഥലത്താണെങ്കിലും...
ബര്‍സയിലെ സബിത തന്നെയാണോ ഡോക്ടര്‍?

സബിതയില്‍ തീര്‍ച്ചയായും ആത്മാംശമുണ്ട്. മക്കയില്‍ ഏഴുകൊല്ലം ജോലി ചെയ്തവളാണ് ഞാനും. ജീവിതത്തില്‍, നിരന്തരമായ, നിശ്ശബ്ദമായ പോരാട്ടത്തിലാണ് എന്നെപ്പോഴും തോന്നാറുണ്ട്. ശരിയെന്നു തോന്നുന്നതിനുവേണ്ടിയുള്ള പോരാട്ടം, തെറ്റല്ലെന്നു തോന്നുന്നതിനുള്ള സ്വാതന്ത്ര്യം... അതെന്റെ അവകാശമാണ്.

ഈ പോരാട്ടവീര്യം എവിടെനിന്നു കിട്ടി?

പോരാട്ടവീര്യം എന്നു വേണോ? മനഃശക്തി, ഒരു പക്ഷേ, അതു പാരമ്പര്യമായിരിക്കാം. ഉമ്മ വിദ്യാസമ്പന്നയായിരുന്നു. ഉപ്പ ചെറുപ്രായത്തില്‍ മരിച്ചുപോയതിനുശേഷം ഞങ്ങള്‍ എട്ടു പെണ്‍മക്കളെ അവര്‍ പഠിപ്പിച്ചു, ഉദ്യോഗസ്ഥകളാക്കി, തീര്‍ച്ചയായും ബന്ധുക്കള്‍ സഹായത്തിനുണ്ടായിരുന്നു. പക്ഷേ, ഉമ്മയുടെ മനസ്സിന്റെ തീരുമാനങ്ങള്‍ക്കായിരുന്നു ശക്തി. അല്ലെങ്കില്‍ എങ്ങനെയെങ്കിലും സ്ത്രീധനമൊപ്പിച്ച് ഓരോരുത്തരെയായി കെട്ടിച്ചയയ്ക്കുക എന്നതായിരുന്നു കുറച്ചുകൂടി ആയാസം കുറഞ്ഞത്. പക്ഷേ, ഉമ്മ ഞങ്ങളെ ധൈര്യപൂര്‍വം അകലെയൊക്കെ അയച്ചു പഠിപ്പിച്ചു.

ഉമ്മയ്ക്ക് ഈ ധൈര്യം എവിടന്നു കിട്ടി?

മുസ്‌ലിം നവോത്ഥാനനേതാവായിരുന്ന സീതിസാഹിബ് ഉമ്മയുടെ മാതുലനായിരുന്നു. എനിക്ക് കണ്ട ഓര്‍മയില്ല. ഞങ്ങള്‍ വളരെ ചെറിയ കുട്ടികളായിരിക്കുമ്പോള്‍ മരിച്ചുപോയി. എങ്കിലും ഉമ്മയില്‍ അദ്ദേഹത്തിന്റെ സ്വാധീനം വളരെയേറെയുണ്ടായിരുന്നു എന്നു തോന്നിയിട്ടുണ്ട്. വളരെ അഭിമാനത്തോടെ ഉമ്മ അദ്ദേഹത്തെപ്പറ്റി ഞങ്ങള്‍ക്കു പറഞ്ഞുതരുമായിരുന്നു.

ഡോക്ടര്‍ക്ക് ഇസ്‌ലാമിനെപ്പറ്റി ഒരു വിവരവുമില്ലെന്ന് മുസ്‌ലിംസ്ത്രീകള്‍തന്നെ പറയുന്നതായി ഞാന്‍ നേരിട്ടു കേട്ടിട്ടുണ്ട്; ഡോക്ടര്‍ ഇസ്‌ലാമിനെ പഠിച്ചിട്ടില്ല എന്ന്. എന്താണു പറയാനുള്ളത്?

ഞാനൊരു ഇസ്‌ലാം മതപണ്ഡിതയൊന്നുമല്ലല്ലോ. പിന്നെ, പര്‍ദയിടാത്ത, തലമറയ്ക്കാത്ത ഈ സ്ത്രീക്ക് ഇസ്‌ലാമിനെപ്പറ്റി എന്തു വിവരമുണ്ടാകാനാണ് എന്ന മുന്‍വിധിയും. ബര്‍സ വായിക്കാതെ ചര്‍ച്ചയില്‍ പങ്കെടുത്ത ചിലരാണ് പ്രധാനമായി ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചത്. മതത്തെപ്പറ്റിയുള്ള ജ്ഞാനം, സയന്‍സിനെ, സംഗീതത്തെ എന്നതുപോലെയൊക്കെത്തന്നെ അനന്തമാണ് എന്നറിയാം. പഠിക്കാനും മനസ്സിലാക്കാനുമുള്ള ഔത്സുക്യമാണ് പ്രധാനം. ബര്‍സ എഴുതിത്തുടങ്ങുന്നതിനുമുന്‍പ് നന്നായി മുന്നൊരുക്കം നടത്തിയിട്ടുണ്ട്. സൗദിവാസക്കാലത്ത് വായിച്ചതൊക്കെ ഒന്നുകൂടി പുതുക്കി, ചരിത്രവും ഖുര്‍ആന്‍ വ്യാഖ്യാനങ്ങളുമടക്കം. പിന്നെ ഫാത്തിമ മെര്‍നിസ്സിയുടെ വിമണ്‍ ഇന്‍ ഇസ്‌ലാം (ണീാലി ശികഹെമാ). മതത്തെ വിമര്‍ശനാത്മകമായി വിശകലനംചെയ്യാനുള്ള സാധ്യതയുണ്ടെന്ന് ആത്മവിശ്വാസം തന്നത് ആ പുസ്തകമാണെന്നു പറയാം. ഇത്തരം ഒരു സബ്ജക്റ്റ് തിരഞ്ഞെടുക്കുമ്പോള്‍ വൈകാരികത മാത്രം പോര എന്ന ബോധമുണ്ടായിരുന്നു. പിന്നെ, എന്നെക്കാള്‍ വിവരമുണ്ടെന്നഭിമാനിക്കുന്നവര്‍ മിണ്ടാതിരിക്കുന്നതെന്തുകൊണ്ട് എന്ന ചോദ്യവുമുണ്ട്. മുസ്‌ലിം മതസംഘടനകളിലെ സജീവപ്രവര്‍ത്തകരില്‍ ചിലര്‍ വരെ, ഡോക്ടര്‍ നോവലില്‍ ചോദിച്ച ചോദ്യങ്ങളില്‍ പലതും എന്റെ മനസ്സിലും പലപ്പോഴും ഉണ്ടായിട്ടുള്ളതാണെന്നു പറയുകയുണ്ടായി. ജ്ഞാനത്തിന്റെ മുകളില്‍ അടയിരിക്കുന്നതുകൊണ്ടെന്തു കാര്യം? അതു മനുഷ്യന്റെ, സമുദായത്തിന്റെ നന്മയ്ക്കുതകുന്നില്ലെങ്കില്‍?

സ്ത്രീയുടെ കാഴ്ചപ്പാടില്‍ നോക്കിക്കാണുമ്പോള്‍ ഖുര്‍ആനില്‍ സ്ത്രീ വിരുദ്ധനിലപാടുകളെന്നു തോന്നുന്ന ചിലതില്ലേ? അതിനെ എങ്ങനെ കാണുന്നു?

സ്ത്രീയുടെ കാഴ്ചപ്പാടില്‍ മാത്രമല്ല, തുറന്ന മനസ്സുള്ള പുരുഷനും വൈരുധ്യങ്ങള്‍ അനുഭവപ്പെടും.ഖുര്‍ആന്‍ വ്യാഖ്യാതാക്കളെല്ലാം പുരുഷന്മാരായിരുന്നു. വ്യാഖ്യാതാക്കളുടെ നിലപാടുകളും ആഗ്രഹങ്ങളും കാഴ്ചപ്പാടുകളുമൊക്കെ ധാരാളമായി അതില്‍ കയറിക്കൂടിയിട്ടുണ്ട്. വളരെ വിനയത്തോടെ, ദൈവശിക്ഷയെ ഭയന്നുകൊണ്ടെന്നു പറഞ്ഞു സമര്‍പ്പിക്കപ്പെടുന്നവയാണെങ്കിലും. അഞ്ചോ, ആറോ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ നിരത്തിവെച്ച് അസ്മബര്‍ലാസ് ചോദിക്കുന്ന ചോദ്യങ്ങളെപ്പറ്റി ഞാന്‍ ആമുഖത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. അറബി ഭാഷയും വളരെ സങ്കീര്‍ണമാണ്. ഒരേ വാക്കുകള്‍ക്ക് ഒട്ടേറെ നാനാര്‍ഥങ്ങള്‍. ഏത് അര്‍ഥം സ്വീകരിക്കുന്നു എന്നതിനനുസരിച്ച് വളരെയധികം അര്‍ഥവ്യത്യാസമുണ്ടാകുന്നുണ്ട്. നന്മചെയ്ത പുരുഷന്‍ സ്വര്‍ഗത്തിലെത്തുമ്പോള്‍ അവന് തരുണീമണികള്‍ സമ്മാനിക്കപ്പെടും എന്ന ഖുര്‍ആന്‍ വചനം, മൈനയുടെ മനസ്സിലും കോളിളക്കമുണ്ടാക്കിയതല്ലേ? ഈയിടെ ആമിനാ വദൂദിന്റെ വിമണ്‍ ആന്‍ഡ് ഖുര്‍ആന്‍ (ണീാലി മിറ ഝൗൃമി) വായിച്ചു. ഈ തരുണീമണികള്‍ പുരുഷനുമാത്രം കിട്ടുന്ന ഭാഗ്യമല്ല കേട്ടോ. സത്യവിശ്വാസിയായ പുരുഷനും സ്ത്രീക്കും കിട്ടുന്നതാണ് എന്ന് ആമിനാ വദൂദ്. സ്ത്രീക്കെന്തിനാണ് തരുണീമണികള്‍ എന്നാണെങ്കില്‍, സവ്ജ് എന്ന വാക്കിന് മനസ്സിനിണങ്ങിയ, സമാനചിന്താഗതിക്കാരായ കൂട്ടുകാര്‍, എന്നര്‍ഥം മാറുന്നതു കാണാം. ആമിനാ വദൂദിന്റെ പുസ്തകം ഈയിടെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. സ്ത്രീകള്‍ ഇതൊക്കെ വായിച്ചു കേടായിപ്പോകുമോ എന്നു പേടിച്ച് പ്രസാധനം മുടക്കാന്‍ നോക്കിയവരുണ്ടത്രേ. ഇത്തരം എതിര്‍ചിന്തകള്‍ ഉയര്‍ന്നുവരുന്നത് സ്ത്രീകളില്‍നിന്നാണെന്നുള്ളത് പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. അസ്‌റ നൊമാനിയുടെ ടമേിറശിഴ അഹീില ശി ങലരരമ വായിച്ചത് ബര്‍സ പുറത്തു വന്നതിനു ശേഷമാണ്. സൗദി അറേബ്യയില്‍ അസ്‌റയ്ക്കുണ്ടായ അനുഭവങ്ങളും അവരുടെ മനസ്സ് അതിനോട് പ്രതികരിച്ച രീതിയും വായിച്ച് ഞാനമ്പരന്നു. കാരണം, എന്റെ മനോഗതങ്ങളുമായി അത് അത്രമേല്‍ സാദൃശ്യമുള്ളവയായിരുന്നു. ഇപ്പോള്‍, ഇവിടെ എന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ തയ്യാറായതും മൈന ഉമൈബാന്‍ എന്ന താങ്കളാണ്. അതിന്റെ കാരണവും പ്രസക്തമല്ലേ?

നോവലില്‍ ഒരിടത്ത് ഡോ. ഇക്ബാലുമായി വാക്കേറ്റമുണ്ടാകുന്നുണ്ടല്ലോ. തുടര്‍ച്ചയായി ജോലിചെയ്തിട്ടും അവധി നല്കാതെ വീണ്ടും ഡ്യൂട്ടിക്കിടുമ്പോള്‍. നീതി എല്ലാവര്‍ക്കും ഒരുപോലെയാവണം എന്ന് സബിത അദ്ദേഹത്തോട് പറയുന്നുണ്ട്. എന്നാല്‍ ദക്തൂര്‍ ഇക്ബാലിന്റെ പ്രതികരണം അവര്‍ എത്രയായാലും ഒരു സ്ത്രീ തന്നെയല്ലേ... ഒരു പുരുഷനോട് ഒരു സ്ത്രീ അങ്ങനെ സംസാരിക്കാന്‍ പാടില്ല. അതുകൊണ്ടുതന്നെയാണ് ഡ്യൂട്ടി മാറ്റുകയില്ലെന്നുതന്നെ ഞാന്‍ തീരുമാനമെടുത്തത് എന്നാണ്. അതിന് സബിത പറയുന്ന മറുപടി അദ്ദേഹത്തെ ഒരു പുരുഷനായതു കൊണ്ടല്ല താനിത്രകാലം ആദരിച്ചത്, അദ്ദേഹത്തിന്റെ ഗുണങ്ങള്‍, കഴിവുകള്‍ മാത്രം പരിഗണിച്ചാണെന്നാണ്. പുരുഷനെക്കുറിച്ചുള്ള കാഴ്ചപ്പാടെന്താണ്? സ്ത്രീയെക്കുറിച്ചും?

കഴിവും ഗുണങ്ങളുമുള്ള സ്ത്രീകളും പുരുഷന്മാരാല്‍ അംഗീകരിക്കപ്പെടുന്നുണ്ട്. പക്ഷേ, പലപ്പോഴും അതിനായി അവള്‍ക്ക് ജീവിതം മുഴുവനൊരു നിശ്ശബ്ദപോരാട്ടമാക്കി മാറ്റേണ്ടിവരാറുണ്ട്. ഇപ്പോള്‍ കാര്യങ്ങള്‍ മെച്ചപ്പെട്ടു വരുന്നുണ്ടെങ്കിലും. കാരണം, ലോകം ഒരര്‍ഥത്തില്‍പ്പറഞ്ഞാല്‍ പുരുഷകേന്ദ്രീകൃതമാണ്. മതവും മതഗ്രന്ഥങ്ങളുമെല്ലാം പുരുഷനെ സംബോധന ചെയ്യുന്ന വിധത്തിലാണ്. സ്ത്രീയും പുരുഷനും തമ്മിലുള്ള ബയോളജിക്കല്‍ വ്യത്യാസങ്ങള്‍ അംഗീകരിച്ചുകൊണ്ടുതന്നെ, ഈ വിവേചനം ദൈവനിശ്ചയമാണെന്നംഗീകരിക്കാന്‍ എനിക്കാവില്ല. അതിനുള്ള എതിരന്വേഷണമാണ് എന്റെ നോവല്‍.

പുരുഷന് ലൈംഗികാഭിരുചി ബയോളജിക്കലായിത്തന്നെ കൂടുതലാണ്. അതുകൊണ്ടാണ് ഇസ്‌ലാമില്‍ ബഹുഭാര്യത്വം അംഗീകരിക്കപ്പെട്ടത് എന്നൊരു വാദഗതി, നോവല്‍ ചര്‍ച്ചയില്‍ ഒരു ഡോക്ടര്‍തന്നെ ഉന്നയിച്ചതായി പറഞ്ഞല്ലോ... അതിനോടുള്ള പ്രതികരണം എങ്ങനെയാണ്?

ലൈംഗികാഭിരുചി പുരുഷനെന്നതുപോലെ സ്ത്രീക്കുമുണ്ട്. യൗവനാരംഭത്തില്‍ തുല്യമായ നിലയില്‍തന്നെ എന്നു ഞാന്‍ പറയും, സ്ത്രീയുടേത് ഒരുപക്ഷേ, അമര്‍ത്തപ്പെട്ട നിലയിലായിരിക്കാമെങ്കിലും. കുറച്ചുമുതിരുമ്പോള്‍ ആവിഷ്‌കാരത്തിന്റെ പുതിയ പുതിയ മേഖലകള്‍ ആണും പെണ്ണും കണ്ടെത്തിത്തുടങ്ങും. സ്ത്രീയുടെ മഹത്തായ ആവിഷ്‌കാരങ്ങളിലൊന്നാണ് അവളിലെ മാതൃത്വവും കുഞ്ഞുങ്ങളുടെ പരിപാലനവുമെന്നതിനാല്‍ അവള്‍ക്ക് മറ്റൊരാവിഷ്‌കാരത്തിന്റെ ആവശ്യകത ആ കാലഘട്ടത്തില്‍ ഉണ്ടായില്ലെന്നുവരാം. സ്വാഭാവികമായി അപ്പോള്‍ ലൈംഗികതയില്‍ അവളുടെ മനസ്സ് വല്ലാതെ ആസക്തമാകുന്നില്ല. പുരുഷന്‍ ഒരു കണക്കിന് ഭാഗ്യവാനാണ്. അവന്റെ സര്‍ഗാത്മകവും അല്ലാത്തതുമായ ആവിഷ്‌കാരങ്ങള്‍ക്ക് സ്വത്വപ്രകാശനത്തിന് ഇഷ്ടംപോലെ സമയവും സന്ദര്‍ഭവുമുണ്ട്. ഇത്തരത്തില്‍ ആവിഷ്‌കാരത്തിന്റെ മേഖലകള്‍ കണ്ടെത്താന്‍ കഴിയാത്ത പുരുഷന്റെ മനസ്സ് ലൈംഗികാസക്തിയില്‍ മാത്രം കുടുങ്ങിക്കിടന്നെന്നു വരും. അറബി പുരുഷന്റെ അതിലൈംഗികതയ്ക്ക് ഒരു കാരണം അതായിരിക്കണം. അതികഠിനമായ വിലക്കുകളിലും നിയന്ത്രണങ്ങളിലും കഴിയേണ്ടിവരുന്ന അയാള്‍ക്ക് അനുവദിക്കപ്പെട്ട അപൂര്‍വം സ്വാതന്ത്ര്യങ്ങളില്‍, സുഖങ്ങളില്‍ പ്രധാനം ലൈംഗികത തന്നെയാണ്.

ഡോക്ടറുടെ ആദ്യനോവല്‍, ആത്മതീര്‍ഥങ്ങളില്‍ മുങ്ങിനിവര്‍ന്ന് ഒരു അമ്മയുടെ ആത്മഭാവങ്ങളെ കാണിക്കുന്ന നോവലാണ്. എന്നാല്‍ ബര്‍സ തികച്ചും വ്യത്യസ്തമായി ഭാഷകൊണ്ടും ആശയംകൊണ്ടുമൊക്കെ വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു.
രണ്ടു നോവലുകളെയും എങ്ങനെയാണ് സ്വയം താരതമ്യപ്പെടുത്തുന്നത്?
രണ്ടു നോവലുകളും വായിച്ച യു.കെ. കുമാരന്‍ പറഞ്ഞ വാക്കുകളാണ് ഓര്‍മ വരുന്നത്. ആദ്യനോവല്‍ യുക്തിരഹിതമാണ്. സ്‌നേഹത്തിന്റെ യുക്തിരാഹിത്യം. മാതൃ-പുത്ര ബന്ധത്തില്‍ യുക്തിക്ക് സ്ഥാനമില്ലല്ലോ. ബര്‍സ പക്ഷേ, യുക്തിഭദ്രമായ നോവലാണ്. ബര്‍സ അതിന്റെ ആശയംകൊണ്ടുതന്നെ യുക്തിഭദ്രതയും മുന്നൊരുക്കവും ആവശ്യപ്പെടുന്നു. ആദ്യനോവലിനുശേഷം പലരും രണ്ടാമതൊരു എഴുത്തിന് പ്രചോദനം തന്നു. കുറച്ചൊക്കെ സമ്പന്നമായ ഗള്‍ഫ് അനുഭവങ്ങള്‍ ഉണ്ടല്ലോ എന്ന കണ്ടെത്തല്‍ യാദൃച്ഛികമായിരുന്നു എന്നു പറയാം. സൗദി അറേബ്യന്‍ അനുഭവങ്ങള്‍ കൈമുതലായുള്ള തൂലികാസുഹൃത്തും എഴുത്തുകാരനുമായ ഹസ്സന്‍ നാസിറും അറേബ്യന്‍ പശ്ചാത്തലത്തിലുള്ള ഒന്നെഴുതാന്‍ പ്രേരിപ്പിച്ചു.

സബിത പലപ്പോഴും ഇസ്‌ലാമിലെ പുരുഷാധിപത്യത്തെ ചോദ്യം ചെയ്യുന്നുണ്ട്. സ്വന്തം നാട്ടില്‍ കണ്ട ഇസ്‌ലാമിന്റെ സാഹോദര്യമോ, സമത്വവീക്ഷണമോ ഒന്നുമല്ല സൗദിയില്‍ അവള്‍ കാണുന്നത്. കൂടാതെ ഭര്‍ത്താവിനുണ്ടാവുന്ന അകല്‍ച്ച, എല്ലാംകൂടി സബിതയെ നവ ഇസ്‌ലാമില്‍നിന്ന് പഴയ സബിതയിലേക്ക് തന്നെ കൊണ്ടുപോകുമോ എന്ന് തോന്നിപ്പോകും. പക്ഷേ, സബിത ഇസ്‌ലാമില്‍ തന്നെ ഉറച്ചുനില്ക്കാനാണ് ശ്രമിക്കുന്നത്. അതെന്തുകൊണ്ട്?

സബിത തന്നെ ഒരിക്കല്‍ പറയുന്നതുപോലെ, ഇസ്‌ലാം ചിന്തയ്ക്ക് തടയിടാത്തോളവും സ്‌നേഹത്തിന്റെ മതമായിരിക്കുന്നിടത്തോളവും അവള്‍ക്ക് അതില്‍നിന്നു പുറത്തു കടക്കേണ്ടതില്ല. തന്റെ മതത്തെ അവ്വിധത്തില്‍ ആക്കിയെടുക്കാനുള്ള ഇച്ഛാശക്തിയുള്ളവളാണ് സബിത എന്ന് അവള്‍ തെളിയിക്കുന്നുണ്ടല്ലോ.

ഗള്‍ഫ് ജീവിതം ഡോക്ടറെ ഒട്ടും മാറ്റിയില്ലെന്നാണോ?

അടിസ്ഥാനപരമായി മനസ്സിലുണ്ടായിരുന്ന ആശയങ്ങള്‍ മാറിയിട്ടില്ല. ഇന്ത്യയുടെ, കേരളത്തിന്റെ സംസ്‌കാരപാരമ്പര്യത്തില്‍ കാലൂന്നിനിന്നിട്ടുള്ള ഒരു മുസ്‌ലിമാവാന്‍ എന്നെ മതം അനുവദിക്കുമെങ്കില്‍ ഞാന്‍ മുസ്‌ലിമാണ്. അറേബ്യന്‍ മുസ്‌ലിമാവാന്‍ എനിക്കാവില്ല. ഒരു ഇന്ത്യന്‍ മുസ്‌ലിമാവാന്‍ കഴിയുന്നതൊരു ഭാഗ്യമായി ഞാന്‍ കരുതുന്നു. അതൊരു വെല്ലുവിളിയാണെങ്കില്‍ക്കൂടി.

ഇന്നത്തെ തലമുറയെപ്പറ്റി എന്തു തോന്നുന്നു?

വല്ലാതെ ഭയം തോന്നുന്നുണ്ട്. ഗൈഡ് സംസ്‌കാരവും ഒരു ശരിയുത്തരം മാത്രമുള്ള മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യപേപ്പര്‍ രീതികളും കുട്ടികളുടെ ചിന്താശക്തിയെ ആഴത്തില്‍ അപഗ്രഥിക്കാനുള്ള കഴിവിനെ മരവിപ്പിക്കുന്നതായുള്ള ആകുലത, കുറച്ചുകാലമായി അധ്യാപകര്‍ക്കിടയിലുള്ളതാണ്. ഇത് അവരുടെ സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിലേക്കു കൂടി വ്യാപിക്കുന്നോ എന്ന ആശങ്ക തോന്നുന്നു എനിക്ക്. മതത്തെയും ഇവര്‍ ഗൈഡുപുസ്തകങ്ങളില്‍ക്കൂടി, ഗുളികരൂപത്തിലാണ് മനസ്സിലാക്കുന്നത് എന്നു തോന്നുന്നു. അതുകൊണ്ടുതന്നെ അവര്‍ക്ക് ഒരു ശരിയുത്തരമേയുള്ളൂ. ശരികള്‍ക്കുള്ളിലെ തെറ്റുകളും തെറ്റുകളെന്നു കരുതുന്നവയിലെ ശരികളും ഇവര്‍ ചിന്തിക്കാതെ പോകുന്നു.

ദൈവശിക്ഷയെപ്പറ്റി ഡോക്ടറെ ഓര്‍മിപ്പിച്ചതും പുതിയ തലമുറയാണല്ലോ. ദൈവശിക്ഷയെ ഭയമില്ലെന്നാണോ?

എന്തിനു ഭയക്കണം? എന്റെ ഈശ്വരന്‍ ആത്മാവാണ് നോക്കുന്നതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മുടി തട്ടത്തിനു പുറത്തേക്കു നീങ്ങിക്കിടപ്പുണ്ടോ സാരിയുടെ ഞൊറി മാറിക്കിടപ്പുണ്ടോ എന്നൊക്കെ നോക്കിയിരിക്കുന്ന പോലീസുകാരനല്ല എന്റെ പടച്ചവന്‍. ആത്മാവിന്റെ നന്മയെ കാണുന്നവനാണ്. എന്റെ മനസ്സാക്ഷിയായി എന്നില്‍ത്തന്നെ നിറയുന്നവനാണ്.

(പുരുഷനറിയാത്ത സ്ത്രീമുഖങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)


കടപ്പാട്: മാതൃഭുമി.

1 comment: